ഭക്ഷണം വാങ്ങാൻ പുറത്തിറങ്ങി, ട്രെയിൻ പുറപ്പെട്ടപ്പോൾ ഓടിക്കയറുന്നതിനിടെ വീണ് രണ്ടുപേർക്ക് പരിക്കേറ്റു, സംഭവം കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ


കണ്ണൂർ :- തീവണ്ടി പുറപ്പെട്ടപ്പോൾ ഓടിക്കയറാൻ ശ്രമിച്ച യാത്രക്കാരായ സ്ത്രീയും പുരുഷനും പിടിവിട്ടുവീണു. പ്ലാറ്റ്ഫോമിനും വണ്ടിക്കും ഇടയിൽ കുടുങ്ങുന്നതിന് മുൻപ് ഓടിക്കൂടിയവരുടെ സഹായത്തോടെ രക്ഷപ്പെട്ടു. ഗാർഡിൻ്റെ നിർദേശത്തിൽ ലോക്കോപൈലറ്റ് വണ്ടി നിർത്തിയതും തുണയായി. ബുധനാഴ്ച രാത്രി 8.45-ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തിരുനെൽവേലി-ദാദർ (22630) എക്സ്പ്രസിലെ യാത്രക്കാർക്കാണ് ജീവൻ തിരിച്ചു കിട്ടിയത്. ചെന്നൈയിൽ നിന്ന് ഗോവയിലേക്കുള്ള യാത്രക്കാരായിരുന്നു ഇവർ. യാത്രാമധ്യേ വണ്ടി കണ്ണൂരിൽ നിർത്തിയപ്പോൾ ലഘുഭക്ഷണം വാങ്ങാൻ ഇറങ്ങിയതായിരുന്നു.

വാങ്ങുന്നതിനിടെ വണ്ടി പുറപ്പെട്ടു. രണ്ടുപേരും ഓടിക്കയറാൻ ശ്രമിച്ചെങ്കിലും പിടിവിട്ടുവീണു. തീവണ്ടിക്കടിയിലേക്ക് പോകും മുൻപ് ഉടൻ സമീപത്തുള്ളവരുടെ സഹായത്തോടെ രക്ഷപ്പെടുകയായിരുന്നു. ആർ.പി.എഫും റെയിൽവേ പോലീസും ഉടൻ ഇടപെട്ടു. ഇതിനിടയിൽ ഗാർഡ് സിഗ്നൽ നൽകിയതിനെത്തുടർന്ന് ലോക്കോ പൈലറ്റ് വണ്ടി നിർത്തി. ചെറിയ പരിക്കുണ്ടെങ്കിലും അവർ യാത്ര തുടർന്നു.

Previous Post Next Post