CPIM ജില്ലാ സമ്മേളനം ; കരിവെള്ളൂരിൽ നിന്ന് പതാകജാഥയും കാവുമ്പായിയിൽ നിന്ന് കൊടിമര ജാഥയും പുറപ്പെടും


തളിപ്പറമ്പ് :- സി.പി.എം. ജില്ലാ സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ഫെബ്രുവരി 1  മുതൽ 3 വരെ പൂക്കോത്ത് നടക്ക് സമീപം കെ.കെ.എൻ പരിയാരം സ്മാരക ഹാളിലാണ് ജില്ലാ സമ്മേളനം. ജനുവരി 3 ന് വൈകുന്നേരം 4 മണിക്ക് ഉണ്ടപ്പറമ്പ് മൈതാനത്താണ് പൊതുസമ്മേളനം നടക്കുക. രണ്ട് സമ്മേളനങ്ങളും മുഖ്യമന്ത്രിയും പാർട്ടി പൊളിറ്റ്ബ്യൂറോ അംഗവുമായ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 18 ഏരിയാ കമ്മിറ്റികളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 496 പ്രതിനിധികളും ജില്ലാ കമ്മിറ്റി അംഗങ്ങളും ക്ഷണിക്കപ്പെട്ടവരും കേന്ദ്ര, സംസ്ഥാന കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 566 പേർ സമ്മേളനത്തിൽ പങ്കെടുക്കും.

പതാകജാഥ കരിവെള്ളൂരിൽ നിന്ന്, കൊടിമര ജാഥ കാവുമ്പായിയിൽ നിന്ന്

ജനുവരി 31-ന് പൊതുസമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക കരിവെള്ളൂരിൽനിന്നും കൊടിമരം കാവുമ്പായിൽനിന്നും ജാഥയായി കൊണ്ടുവരും. അവുങ്ങും പൊയിൽ ജോസ്-ദാമോദരൻ സ്തൂപത്തിൽ നിന്നും പന്നിയൂർ കാരാക്കൊടി പി.കൃഷ്ണൻ രക്തസാക്ഷി സ്തൂപത്തിൽ നിന്നും തൃച്ചംബരം ധീരജ് രാജേന്ദ്രൻ രക്തസാക്ഷി സ്തൂപത്തിൽ നിന്നും ദീപശിഖാ റിലേകൾ പുറപ്പെടും. ജാഥകൾ ആറിന് തളിപ്പറമ്പ് പ്ലാസ ജങ്ഷനിൽ ഒത്തുചേർന്ന് പൊതുസമ്മേളന നഗരിയായ ഉണ്ടപ്പറമ്പ് മൈതാനത്ത് സംഗമിക്കും. സ്വാഗതസംഘം ചെയർമാൻ ടി.കെ ഗോവിന്ദൻ പതാക ഉയർത്തും.

CPIM കൊടിമരജാഥ കാവുമ്പായി രക്തസാക്ഷി നഗറിൽ 2.30- ന് ഇ.പി ജയരാജൻ ഉദ്ഘാടനം ചെയ്യും. ടി.വി രാജേഷാണ് ജാഥാ ലീഡർ. പതാകജാഥ കരിവെള്ളൂർ രക്തസാക്ഷി നഗറിൽ രണ്ടു മണിക്ക് പി.കരുണാകരൻ ഉദ്ഘാടനം ചെയ്യും. പി.ജയരാജനാണ് ജാഥാ ലീഡർ.

ദീപശിഖാ റിലേ അവുങ്ങും പൊയ്യിൽ ജോസ്-ദാമോദരൻ രക്തസാക്ഷി സ്മാരകത്തിൽ 2.30-ന് കെ.കെ ശൈലജ ഉദ്ഘാടനം ചെയ്യും വി.ശിവദാസൻ എം.പി യാണ് ലീഡർ. പന്നിയൂർ കാരക്കൊടി പി.കൃഷ്ണൻ രക്തസാക്ഷി സ്മാരകത്തിൽ 2.30-ന് ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ഉദ്ഘാടനം ചെയ്യും. എൻ.ചന്ദ്രനാണ് ലീഡർ. ധീരജ് രാജേന്ദ്രൻ രക്തസാക്ഷി സ്മാരകത്തിൽ 4.30-ന് പി.കെ ശ്രീമതി ഉദ്ഘാടനം ചെയ്യും. വത്സൻ പനോളിയാണ് ലീഡർ.

സമാപന ദിവസത്തെ പൊതുസമ്മേളനത്തിന് മുന്നോടിയായി ജില്ലയിലെ 18 ഏരിയകളിൽ നിന്നുള്ള റെഡ് വൊളന്റിയർ മാർ പങ്കെടുക്കുന്ന മാർച്ച് കാക്കാത്തോട് ബസ്സ്റ്റാൻഡ്, ചിറവക്ക് ഗ്രൗണ്ട് എന്നിവിടങ്ങളിൽ നിന്ന് തുടങ്ങുമെന്നും സ്വാഗതസംഘം ഭാരവാഹികൾ പറഞ്ഞു.

ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി വെള്ളിയാഴ്ച ടൗൺ സ്ക്വയറിൽ പുസ്തകോത്സവം തുടങ്ങും. എം.വിജിൻ എം.എൽ.എ ഉദ്ഘാടനംചെയ്യും. ശനിയാഴ്ച സംഘാടക സമിതി ഓഫീസിനു മുന്നിൽ ചരിത്ര, ചിത്ര പ്രദർശനം തുടങ്ങും. 26-ന് പ്രൊഫഷണൽ മീറ്റ് കെ.കെ.എൻ പരിയാരം ഹാളിൽ മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ആറുമണിക്ക് കാക്കാത്തോട് ബസ്സ്റ്റാൻഡിൽ നടക്കുന്ന കലാസന്ധ്യ സിനിമാനടി ഗായത്രി വർഷ ഉദ്ഘാടനം ചെയ്യും. തുടർന്ന് ആയിരത്തിലേറെ പേർ പങ്കെടുക്കുന്ന മെഗാ തിരുവാതിരകളിയും മുന്നൂറിലേറെ പേർ പങ്കെടുക്കുന്ന ഒപ്പന, നൂറിലേറെ പേർ പങ്കെടുക്കുന്ന മാർഗംകളി തുടങ്ങിയ കലാപരിപാടികളും നടക്കും.

Previous Post Next Post