തിരുവനന്തപുരം :- മോഷണം തടയാൻ മദ്യക്കുപ്പികളുടെ കഴുത്തിൽ ബവ്റിജസ് കോർപറേഷൻ ലോക്കിട്ടു. 1000 രൂപയിലേറെ വിലയുള്ള മദ്യക്കുപ്പികളിലാണ് റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ആർഎഫ്‌ഐഡി) ലോക്ക് ഘടിപ്പിക്കുന്നത്. ഈ ലോക്കിട്ടാകും കുപ്പി ഷെൽഫിൽ വയ്ക്കുക. ജീവനക്കാർ ലോക്ക് അഴിച്ചശേഷം വാങ്ങുന്നയാൾക്കു കുപ്പി നൽകും. ലോക്ക് നീക്കാത്ത കുപ്പിയുമായി കടക്കാൻ ശ്രമിച്ചാൽ പുറംവാതിലിൽ സ്‌ഥാപിച്ചിട്ടുള്ള സെൻസർ ഒച്ചവയ്ക്കും.
വിൽപനയിൽ മുന്നിലുള്ളതും 60,000 രൂപയുടെ മദ്യം മോഷണം പോയതുമായ തിരുവനന്തപുരം പവർഹൗസ് ഔട്ലറ്റ്ലെറ്റിലാണു പരീക്ഷണം. ഒരുമാസത്തിനുശേഷം എല്ലാ പ്രീമിയം ഔറ്റ്ലെറ്റുകളിലേക്കും വ്യാപിപ്പിക്കുമെന്നു സിഎംഡി ഹർഷിത അട്ടല്ലൂരി പറഞ്ഞു. പോലീസിലെ പരാതികളുടെ മാത്രം കണക്കെടുത്താൽ ബവ്കോയ്ക്കു 4 ലക്ഷം രൂപയുടെ മദ്യം നഷ്ടപ്പെട്ടിട്ടുണ്ട്. വ്യാജമദ്യം വിൽക്കുന്നതു തടയാൻ ഏപ്രിൽ മുതൽ കുപ്പികളിൽ ക്യുആർ കോഡ് പതിക്കാനും തീരുമാനിച്ചിട്ടുണ്ട്.