കണ്ണൂർ :- ഓലമേഞ്ഞവ മാഞ്ഞെങ്കിലും ഇന്നും സംസ്ഥാനത്ത് 103 പൊതുവിദ്യാലയങ്ങൾ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. എൽ.പി സ്കൂളാണ് കൂടുതൽ (78). 20 യു.പി സ്കൂളിനും അഞ്ച് ഹൈസ്കൂളിനും സ്വന്തം കെട്ടിടമില്ല. 30 'വാടക' വിദ്യാലയങ്ങളുമായി മലപ്പുറമാണ് ജില്ലകളിൽ ഒന്നാമത്. 25 വിദ്യാലയങ്ങളുള്ള കണ്ണൂർ രണ്ടാംസ്ഥാനത്തും. കോഴിക്കോടും പാലക്കാടും 13 വിദ്യാലയങ്ങൾ ഇത്തരത്തിൽ പ്രവർത്തിക്കുന്നു. കാസർകോട്ട് നാല്, എറണാകുളം മൂന്ന്, കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങളിൽ രണ്ടുവീതവും ആലപ്പുഴയിൽ ഒന്നും വാടകക്കെട്ടിടത്തിലാണ്.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, വയനാട് എന്നിവിടങ്ങളിലെ വിദ്യാലയങ്ങളെല്ലാം സ്വന്തം കെട്ടിടത്തിലാണ്. മലപ്പുറത്ത് 24 എൽ.പി, അഞ്ച് യു.പി, ഒരു ഹൈസ്കൂൾ എന്നിങ്ങനെയാണ് വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്നവ. കണ്ണൂരിൽ 14 എൽ.പി സ്കൂളും 11 യു.പി സ്കൂളും വാടകക്കെട്ടിടത്തിലാണ്. സംസ്ഥാനത്ത് 4684 സ്കൂളുകൾ സ്വന്തം കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. 2586 എൽ.പി സ്കൂളും 870 യു.പി സ്കൂളും 1,228 ഹൈസ്കൂളുമാണ് ഇവ. ഈ വർഷത്തെ സാമ്പത്തികാവലോകന റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
പത്തിൽ താഴെ കുട്ടികളുമായി 227 സ്കൂൾ. എയ്‌ഡഡിൽ 187. സംസ്ഥാനത്ത് ക്ലാസിൽ പത്തിൽ കുറവ് വിദ്യാർഥികളുമായി 227 സ്കൂളുകളാണുള്ളത്. അതിൽ 187-ഉം എയ്‌ഡഡ് മേഖലയിലാണ്. എയ്‌ഡഡ് മേഖലയിൽ ക്ലാസിൽ പത്തിൽ കുറവ് എണ്ണം കുട്ടികളുമായി പ്രവർത്തിക്കുന്ന എൽ.പി സ്കൂളുകളുകൾ ഏറ്റവും അധികമുള്ളത് പത്തനംതിട്ടയിലാണ്-37. രണ്ടാംസ്ഥാനത്ത് തൃശ്ശൂരാണുള്ളത്-28. 19 എണ്ണവുമായി കണ്ണൂർ മൂന്നാംസ്ഥാനത്തും 16മായി എറണാകുളം നാലാംസ്ഥാനത്തുമാണ്.