കൊച്ചി :- മലയാള സിനിമാ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ടു ജൂൺ ഒന്നു മുതൽ സിനിമാ സമരം. ഷൂട്ടിങ്ങും സിനിമാ പ്രദർശനവും ഉൾപ്പെടെ സിനിമയുടെ എല്ലാ മേഖലകളും നിർത്തിവയ്ക്കാൻ സിനിമാ സംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചു. ജിഎസ്ടിക്ക് ഒപ്പമുള്ള വിനോദ നികുതി സംസ്ഥാന സർക്കാർ പിൻവലിക്കുക, താരങ്ങളുടെ വൻ പ്രതിഫലം കുറയ്ക്കുക തുടങ്ങിയവയാണു പ്രധാന ആവശ്യങ്ങൾ.
ജനുവരിയിൽ മലയാള സിനിമയുടെ തിയറ്റർ നഷ്ടം 101 കോടി രൂപയാണെന്നു നിർമാതാക്കൾ പറഞ്ഞു. ജനുവരിയിൽ റിലീസായ 28 ചിത്രങ്ങളിൽ നേട്ടമുണ്ടാക്കിയതു ‘രേഖാചിത്രം’ മാത്രമാണ്. നിർമാണച്ചെലവിന്റെ 60% താരങ്ങൾക്കു പ്രതിഫലം നൽകാനാണ്. സർക്കാരിനു മുന്നിൽ പ്രശ്നങ്ങൾ പല പ്രാവശ്യം ഉന്നയിച്ചിട്ടും പരിഹാരമുണ്ടായില്ലെന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ജി. സുരേഷ് കുമാർ പറഞ്ഞു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഓഫിസിൽ ചേർന്ന യോഗത്തിൽ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക, തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്, വിതരണക്കാരുടെ സംഘടന എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്തു. ഫിലിം ചേംബറുമായി ഇക്കാര്യം നേരത്തേ ചർച്ച ചെയ്തു പിന്തുണ ഉറപ്പാക്കിയിരുന്നു.
നിർമാതാക്കളെ അവഗണിച്ചു സിനിമ നിർമിക്കുന്ന താരങ്ങളുടെ സിനിമ തിയറ്ററിൽ പ്രദർശിപ്പിക്കില്ലെന്നും സംഘടനാ പ്രതിനിധികൾ വ്യക്തമാക്കി. ഭീമമായ പ്രതിഫലമാണു താരങ്ങളും ചില സാങ്കേതിക പ്രവർത്തകരും കൈപ്പറ്റുന്നത്. 30 കോടി മുടക്കി നിർമിച്ച ടോവിനോ ചിത്രം തീയേറ്ററിൽ നിന്ന് നേടിയ ഷെയർ 3.50 കോടിയാണെന്നും 17 കോടി മുടക്കിയ മമ്മൂട്ടി ചിത്രം നേടിയത് 4.50 കോടിയാണെന്നും ഉൾപ്പെടെ ജനുവരി തിയേറ്റർ കളക്ഷൻ ലിസ്റ്റും നിർമാതാക്കൾ പുറത്തു വിട്ടു.