ADM നവീൻബാബുവിന്റെ മരണം ; CBI അല്ലെങ്കിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് ഭാര്യ മഞ്ജുഷ


കൊച്ചി :- കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിൻ്റെ മരണത്തെ സംബന്ധിച്ച് സി.ബി.ഐ അല്ലെങ്കിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് ഭാര്യ മഞ്ജുഷ. ഉന്നത ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണമെന്ന ആവശ്യമാണ് ഉന്നയിച്ചരിക്കുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണ ആവശ്യത്തെ സർക്കാരും എതിർത്തില്ല. ഇതിനെ തുടർന്ന് ജസ്റ്റിസ് പി.ബി സുരേഷ് കുമാർ ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് അപ്പീൽ ഉത്തരവിനായി മാറ്റി. സി.ബി.ഐ അന്വേഷണമെന്ന ആവശ്യം സിംഗിൾ ബെഞ്ച് തള്ളിയതിനെതിരായ അപ്പീലാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. വസ്തുതകൾ ശരിയായി വിശകലനം ചെയ്യാതെയാണ് സിംഗിൾ ബെഞ്ച് ഹർജി തള്ളിയതെന്നാണ് അപ്പിലിലെ വാദം.

നിലവിൽ പ്രത്യേക അന്വേഷണസംഘം നടത്തുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്നും അതിനാൽ സി.ബി.ഐ യോ അതല്ലെങ്കിൽ ക്രൈംബ്രാഞ്ചോ അന്വേഷണം നടത്തണമെന്നാണ് ഹർജിക്കാരിയുടെ വാദം. പ്രത്യേക അന്വേഷണ സംഘത്തിന്റെ കൈ ബന്ധിപ്പിച്ചിരിക്കുകയാണെന്നും ഹർജിക്കാരിയ്ക്കായി ഹാജരായ സനിയർ അഭിഭാഷകൻ എസ്.ശ്രീകുമാർ വാദിച്ചു. എന്നാൽ അന്വേഷണത്തിൽ എന്തെങ്കിലും വീഴ്ചയുള്ളതായി ചൂണ്ടിക്കാട്ടാനായിട്ടില്ലെന്നും സി.ബി.ഐ അന്വേഷണ ആവശ്യം അംഗീകരിക്കാനാകില്ലെന്നും സർക്കാരിനായി ഹാജരായ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ ഷാജി വാദിച്ചു. എന്നാൽ ക്രൈംബ്രാഞ്ച് അന്വേഷണം എന്ന ആവശ്യത്തെ എതിർത്തില്ല. തുടർന്നാണ് അപ്പീൽ വിധി പറയാൻ മാറ്റിയത്.

2024 ഒക്ടോബർ 15-നായിരുന്നു നവീൻ ബാബുവിന്റെ മരണം. പത്തനംതിട്ടയിലേയ്ക്ക് സ്ഥലമാറ്റം കിട്ടിയ നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ പ്രസംഗിച്ച കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി ദിവ്യ പരോക്ഷമായി കൈക്കൂലി ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു നവീൻ ബാബുവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടത്. കേസിൽ ആത്മഹത്യ പ്രേരണയ്ക്ക് ദിവ്യയ്ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

Previous Post Next Post