തിരുവനന്തപുരം :- കാൻസർ രോഗികളായ സ്ത്രീകളിൽ 70% പേരും രോഗം മൂർച്ഛിക്കുന്ന ഘട്ടത്തിലാണു പരിശോധനയ്ക്കും ചികിത്സയ്ക്കും തയാറാകുന്നതെന്നും അതു മരണനിരക്ക് ഉയരുന്നതിന് കാരണമാകുന്നുവെന്നും കണ്ടെത്തൽ. സംസ്ഥാന സാമ്പത്തിക അവലോകന റിപ്പോർട്ടിലും കാൻസർ സ്ഥിതിവിവര റിപ്പോർട്ടുകളിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. രോഗത്തോടുള്ള ഭയവും ചികിത്സച്ചെലവിനെക്കുറിച്ചുള്ള ഉത്കണ്ഠയുമാണു പരിശോധനകളിൽ നിന്നു വിട്ടുനിൽക്കാൻ കാരണ മെന്ന് ഡോക്ടർമാർ പറയുന്നു. വൈകി രോഗം കണ്ടെത്തുമ്പോൾ അതിജീവനത്തിനുള്ള സാധ്യത വിരളമാകും. ഫലപ്രദവും ചെലവു കുറഞ്ഞതുമായ ചികിത്സയെക്കുറിച്ചു ശരിയായ ധാരണയില്ലാത്തതും ചികിത്സയിൽ നിന്നു വിട്ടുനിൽക്കാൻ സ്ത്രീകളെ പ്രേരിപ്പിക്കുന്നുണ്ട്.
44-54 പ്രായപരിധിയിലുള്ള കാൻസർ ബാധിതരിൽ കൂടുതലും സ്ത്രീകളാണ്. എന്നാൽ 55-64 പ്രായപരിധിയിൽ കൂടുതലും പുരുഷന്മാർക്കാണു രോഗം ബാധിക്കുന്നത്. ഐസിഎംആറിന്റെ കണക്കനുസരിച്ചു പുരുഷന്മാരിൽ ശ്വാസകോശ അർബുദവും സ്ത്രീകളിൽ സ്തനാർബുദവുമാണു കൂടുതൽ. സംസ്ഥാന സർക്കാർ, 30 വയസ്സിനു മുകളിലുള്ളവർക്കുവേണ്ടി നടത്തുന്ന സർവേയിൽ ഇതുവരെ 1.81 കോടി ആളുകളെ സ്ക്രീൻ ചെയ്തപ്പോൾ 2.08 ലക്ഷം പേർക്കാണു കാൻസർ സാധ്യത കണ്ടെത്തിയത്. ഇതിൽ 1.29 ലക്ഷവും സ്തനാർബുദ സാധ്യതയാണ്. രോഗം സംശയിക്കുന്ന സ്ത്രീകളോടു തുടർപരിശോധനകൾക്കു ശുപാർശ ചെയ്യുമെങ്കിലും പലരും തയാറാകുന്നില്ല. ഈ അവസ്ഥ മറികടക്കാനാണ് ആരോഗ്യ വകുപ്പ് സംസ്ഥാനത്തെ എല്ലാ സ്ത്രീകളെയും കാൻസർ സ്ക്രീനിങ്ങിനു വിധേയമാക്കാനുള്ള യജ്ഞം ആരംഭിച്ചത്.