വർഷത്തിൽ മൂന്നുതവണയുള്ള സ്കൂൾ പരീക്ഷ രണ്ടാക്കാൻ ആലോചനയിൽ


തിരുവനന്തപുരം :- പത്താം ക്ലാസുകാർക്ക് രണ്ട് വാർഷികപരീക്ഷ ഏർപ്പെടുത്താനുള്ള സി.ബി.എസ്.ഇ നിർദേശം കേരള സിലബസുകാർക്ക് തത്‌കാലം നടപ്പാക്കില്ല. ഇങ്ങനെയൊരു പരിഷ്കാരത്തിലേക്കു പോവേണ്ട സാഹചര്യം ഇപ്പോഴില്ലെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ വിലയിരുത്തൽ. വർഷത്തിൽ മൂന്നുതവണയുള്ള സ്കൂൾ പരീക്ഷ രണ്ടായി നടപ്പാക്കാനുള്ള സാധ്യത തേടണമെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. സമഗ്രഗുണമേന്മാ വിദ്യാഭ്യാസ പരിപാടിക്ക് തുടക്കം കുറിച്ചതിനാൽ, ഇക്കാര്യവും ചർച്ചയ്ക്കു വെക്കാമെന്ന നിലപാടിലാണ് എസ്.സി.ഇ.ആർ.ടി

മൂന്നു പരീക്ഷ നടത്തി കുട്ടികളെ സമ്മർദത്തിലാക്കണോയെന്നാണ് എസ്.സി.ഇ.ആർ.ടി നേരിടുന്ന ചോദ്യം. അധ്യയനവർഷം പകുതിപോലുമാവാതെയുള്ള പാദവാർഷികപരീക്ഷ കുട്ടിയുടെ പഠനപുരോഗതി വിലയിരുത്താനുള്ള ശാസ്ത്രീയമാർഗമല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ പശ്ചാത്തലത്തിലാണ്, രണ്ടുപരീക്ഷ മതിയെന്ന ചിന്ത. അധ്യയനവർഷം ജൂണിൽ ആരംഭിക്കും. ഇത് പകുതിയാവുന്ന മുറയ്ക്ക് ഒക്ടോബറിൽ ആദ്യപരീക്ഷ നടത്താം. മാർച്ചിൽ വാർഷിക പരീക്ഷയിലേക്കും പ്രവേശിക്കാനാവും. ഇതിനിടയിൽ ക്ലാസ്‌പരീക്ഷകൾ നടത്തി പഠനപുരോഗതി വിലയിരുത്താം. നിരന്തരമൂല്യനിർണയവും കാര്യക്ഷമമാക്കാം.

ഇന്നത്തെ നിലയിൽ മൂന്നു ഘട്ടത്തിലുള്ള പരീക്ഷാരീതി പൂർണമായി പൊളിച്ചെഴുതുന്നത് എളുപ്പമല്ല. അധ്യാപകരും രക്ഷിതാക്കളും പെട്ടെന്ന് ഇതിനോട് പൊരുത്തപ്പെടില്ല. അതിനാൽ, ഇത് ആദ്യം ഒന്നു മുതൽ ഏഴുവരെയുള്ള ക്ലാസുകളിൽ കൊണ്ടുവരുന്നതായിരിക്കും ഉചിതമെന്ന് എസ്.സി.ഇ.ആർ.ടി വൃത്തങ്ങൾ പറഞ്ഞു. അതേസമയം, സർക്കാർ തീരുമാനിക്കേണ്ട വിഷയമാണിതെന്നും വിവിധ തലങ്ങളിൽ വിശദമായ ചർച്ചയ്ക്കുശേഷമേ നടപ്പാക്കാനാകൂവെന്നും അവർ വ്യക്തമാക്കി.

Previous Post Next Post