അലർജി മാറി! ഭക്ഷ്യ അലർജി ഉണ്ടാക്കുന്ന ഉത്പന്നങ്ങളുടെ പട്ടികയിൽനിന്ന് അമേരിക്ക തേങ്ങയെ ഒഴിവാക്കി


വടകര :- കാര്യമായ ഭക്ഷ്യ അലർജി ഉണ്ടാക്കുന്ന ഉത്പന്നങ്ങളുടെ പട്ടികയിൽനിന്ന് അമേരിക്ക തേങ്ങയെ ഒഴിവാക്കിയതോടെ നാളികേര ഉത്പന്ന കയറ്റുമതിയിൽ ശുഭപ്രതീക്ഷ. ഇന്ത്യ ഉൾപ്പെടെയുള്ള നാളികേര ഉത്പാദക രാജ്യങ്ങളുടെ ഏറെക്കാലത്തെ ആവശ്യമാണ് യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷൻ (എഫ്.ഡി.എ) ജനുവരിയിൽ അംഗീകരിച്ചത്.

ഇതുവരെ എഫ്.ഡി.എ തേങ്ങയെ ഉൾപ്പെടുത്തിയത് 'ട്രീനട്ട്' എന്ന വിഭാഗത്തിലാണ്. യഥാർഥത്തിൽ ഡ്രൂപ്പ് (അകത്ത് പരിപ്പോടുകൂടിയ മാംസളമായ പഴം) വിഭാഗത്തിലാണ് തേങ്ങവരുന്നത്. ഇംഗ്ലീഷിൽ 'കോക്കനട്ട്' എന്ന പേരിലെ 'നട്ട്' ആണ് ട്രീനട്ട് വിഭാഗത്തിൽ തെറ്റായി ഉൾപ്പെടുത്തുന്ന തിലേക്ക് നയിച്ചത്. ഇതോടെ ഭക്ഷ്യഅലർജിയുണ്ടാക്കുന്ന ഉത്‌പന്നങ്ങളുടെ ഗണത്തിൽ തേങ്ങയെ ഉൾപ്പെടുത്തി.

അമേരിക്കയിലെ ഫുഡ് അലർജി ലേബലിങ് ആൻഡ് കൺസ്യൂമർ പ്രൊട്ടക്‌ഷൻ നിയമ പ്രകാരം ഇത്തരം ഉത്പന്നങ്ങളുടെ പാക്കറ്റിനുമുകളിൽ 'അലർജിയുണ്ടാക്കുന്നത്' എന്ന് രേഖപ്പെടുത്തണം. ഇത് ഉപഭോക്താക്കളിൽ വലിയതോതിൽ ആശയക്കുഴപ്പമുണ്ടാക്കി. സർവകലാശാലകളിലും ആശുപത്രികളിലുമെല്ലാം നാളികേര ഉത്പന്നങ്ങളെ ഒഴിവാക്കിയിരുന്നു. കോക്കനട്ട് കോ-അലിഷൻ ഓഫ് അമേരിക്ക (സി.സി.എ), ഇന്ത്യയിൽനിന്നുള്ള പ്രധാന നാളികേര കയറ്റുമതിക്കമ്പനികൾ എന്നിവയുടെ ഇടപെടൽ തെറ്റായ വർഗീകരണം തിരുത്തുന്നതിൽ നിർണായകമായി.

Previous Post Next Post