തളിപ്പറമ്പ് :- പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം നടത്തുന്നതിനുള്ള തയാറെടുപ്പിന് മുന്നോടിയായി പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലും രാജരാജേശ്വര ക്ഷേത്രത്തിലും മിന്നൽ ഓപ്പറേഷൻ നടത്തി എൻഎസ്ജി സംഘം. ദേശീയ സുരക്ഷാസേനയുടെ 150 അംഗ സംഘം ആണ് പരിശോധന നടത്തിയത്. രാത്രി 11 ഓടെ എത്തിയ എൻഎസ്‌ജി സംഘം രാജരാജേശ്വരി ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ കയറിക്കൂടിയ തീവ്രവാദികളെ പിടികൂടി വധിക്കുന്നതിൻ്റെയും അവിടെ നിന്ന് രക്ഷപ്പെട്ട് പറശ്ശിനി മുത്തപ്പൻ ക്ഷേത്രത്തിൽ എത്തി അഭയം തേടിയ തീവ്രവാദികളെ അവിടെ ചെന്ന് പിടികൂടുന്നതിന്റെയും മോക്ഡ്രില്ലാണ് നടത്തിയത്.
സ്ഫോടക വസ്‌തുക്കളുമായി എത്തിയ തീവ്രവാദികളെ പിടിക്കൂടാനായാണ് എൻഎസ്ജി കമാൻഡുകൾ മിന്നൽ ഓപ്പറേഷൻ നടത്തിയത്. അർധരാത്രി മുതൽ പുലർച്ചെ നാലു വരെയാണ് തദ്ദേശ വാസികളെ മുൾമുനയിൽ നിർത്തി ചെന്നൈ എൻഎസ്ജി സംഘം ഓപ്പറേഷൻ നടത്തിയത്. പ്രദേശത്തെ വൈദ്യുത ബന്ധവും ഗതാഗതവും ഉൾപ്പെടെ വിച്‌ഛേദിച്ചു കൊണ്ട് നടത്തിയ 'മിന്നൽ ആക്രമണത്തിൽ' ഞെട്ടിയ പരിസരവാസികൾക്ക് ഇതു മോക്ഡ്രിൽ ആണെന്ന് അറിഞ്ഞപ്പോഴാണ് ആശ്വാസമായത്. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ശിവ ഭഗവാന്റെ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്യാനാണ് പ്രധാനമന്ത്രിയെ കൊണ്ടുവരാൻ ശ്രമം നടത്തുന്നത്. ക്ഷേത്ര പരിസരത്ത് സ്ഥാപിച്ച പ്രതിമ കഴിഞ്ഞദിവസം കേന്ദ്ര ആർക്കിയോളജിക്കൽ വിഭാഗം എത്തി പരിശോധന നടത്തിവരികയാണ്. എന്നാൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തെക്കുറിച്ച് തങ്ങൾക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.