തളിപ്പറമ്പ് :- നഗരത്തിന് സമീപം ഉണ്ടപ്പറമ്പ് മൈതാനത്ത് ചെമ്പതാക ഉയർന്നതോടെ 30 വർഷങ്ങൾക്ക് ശേഷം തളിപ്പറമ്പിൽ നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിന് തുടക്കമായി. കരിവെള്ളൂർ രക്തസാക്ഷി നഗറിൽ നിന്ന് പി.കരുണാകരൻ ഉദ്ഘാടനം ചെയ്ത് പി.ജയരാജൻ ജാഥാ ലീഡറായി തളിപ്പറമ്പിൽ എത്തിച്ച പതാക ഉണ്ടപ്പറമ്പ് മൈതാനത്തെ പൊതു സമ്മേളന നഗരിയിൽ സംഘാടക സമിതി ചെയർമാൻ ടി.കെ.ഗോവിന്ദൻ ഉയർത്തി.
ഇന്ന് 9.30ന് പൂക്കോത്ത് നടയ്ക്ക് സമീപം ഏരിയ കമ്മിറ്റി ഓഫിസ് മുറ്റത്തുള്ള കെ.കെ.എൻ. പരിയാരം സ്മാരക ഹാളിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. 3ന് വൈകിട്ട് 4ന് ഉണ്ടപ്പറമ്പ് മൈതാനത്ത് നടക്കുന്ന പൊതു സമ്മേളനവും പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
വിവിധ സ്ഥലങ്ങളിൽ നിന്ന് എത്തിച്ച കൊടിമര, പതാക, ദീപശിഖ ജാഥകൾ നഗരത്തിൽ പ്ലാസ ജംക്‌ഷനിൽ സംഗമിച്ച ശേഷം റെഡ് വൊളന്റിയർമാരുടെയും ബാൻഡ് സെറ്റിന്റെയും അകമ്പടിയോടെയാണ് ഉണ്ടപറമ്പ് മൈതാനത്ത് എത്തിച്ചത്. പി.ജയരാജൻ എത്തിച്ച പതാക എം.പ്രകാശൻ ഏറ്റുവാങ്ങി. കാവുമ്പായി രക്തസാക്ഷി നഗറിൽ നിന്ന് കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്ത് ടി.വി.രാജേഷ് ജാഥാ ലീഡറായി എത്തിച്ച കൊടിമരം പി.കെ.ശ്രീമതി ഏറ്റുവാങ്ങി. 3 കേന്ദ്രങ്ങളിൽ നിന്നാണ് ദീപശിഖ എത്തിച്ചത്. അവുങ്ങുംപൊയിൽ ജോസ്– ദാമോദരൻ രക്തസാക്ഷി സ്തൂപത്തിൽ നിന്ന് കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്ത് വി.ശിവദാസൻ ജാഥാ ലീഡറായി എത്തിച്ച ദീപശിഖ ജില്ലാ കമ്മിറ്റി അംഗം പി.മുകുന്ദൻ ഏറ്റുവാങ്ങി.
പന്നിയൂർ കാരാക്കൊടി പി.കൃഷ്ണൻ രക്തസാക്ഷി സ്തൂപത്തിൽ നിന്ന് ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്ത് എൻ.ചന്ദ്രൻ ജാഥാ ലീഡറായി എത്തിച്ച ദീപശിഖ എം.കരുണാകരൻ ഏറ്റു വാങ്ങി. തൃച്ചംബരം ധീരജ് രാജേന്ദ്രൻ രക്തസാക്ഷി സ്തൂപത്തിൽ നിന്ന് കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതി ഉദ്ഘാടനം ചെയ്ത് വൽസൻ പനോളി ജാഥാ ലീഡറായി എത്തിച്ച ദീപശിഖ കെ.സി.ഹരികൃഷ്ണൻ ഏറ്റുവാങ്ങി, വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷമാണ് ജാഥകൾ തളിപ്പറമ്പിൽ എത്തിച്ചേർന്നത്.സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, പി.ശശി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി.ജയരാജൻ,കെ.കെ.ശൈലജ, പി.കെ.ശ്രീമതി, പി.ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം ടി.വി.രാജേഷ്, വി.ശിവദാസൻ എംപി, കെ.കെ.രാഗേഷ്, എം.പ്രകാശൻ, എം.വിജിൻ എംഎൽഎ, നികേഷ് കുമാർ, സംഘാടക സമിതി കൺവീനർ കെ.സന്തോഷ് എന്നിവർ പങ്കെടുത്തു.3ന് വൈകിട്ട് 4ന് കാക്കത്തോട് ബസ് സ്റ്റാൻഡ്, ചിറവക്ക് ഗ്രൗണ്ട് എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ച് ഉണ്ടപ്പറമ്പ് മൈതാനിയിലേക്ക് 15000 പേർ പങ്കെടുക്കുന്ന റെഡ് വൊളന്റിയർ മാർച്ച് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അഭിവാദ്യം സ്വീകരിക്കും.
തളിപ്പറമ്പിലെ ഗതാഗത കുരുക്ക് പരിഗണിച്ച് പ്രകടനം ഒഴിവാക്കിയിട്ടുണ്ട്. ജില്ലയുടെ 18 ഏരിയ കമ്മിറ്റികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 496 പ്രതിനിധികളും ജില്ലാ കമ്മിറ്റി അംഗങ്ങളും ക്ഷണിക്കപ്പെട്ടവരും കേന്ദ്ര സംസ്ഥാന കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 566 പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.