റോഡ് തടസ്സപ്പെടുത്തി ഘോഷയാത്രയോ മറ്റു പരിപാടികളോ വേണ്ട ; വീണ്ടും DGP യുടെ സർക്കുലർ


കൊച്ചി :- റോഡ് തടസ്സപ്പെടുത്തി ഘോഷയാത്രയോ മറ്റു പരിപാടികളോ അനുവദിക്കരുതെന്നു വ്യക്തമാക്കി സംസ്ഥാന പോലീസ് മേധാവി വീണ്ടും സർക്കുലർ പുറപ്പെടുവിച്ചതായി സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഘോഷയാത്രകൾ റോഡിന്റെ ഒരു വശത്തുകൂടി മാത്രമേ അനുവദിക്കാവൂ. റോഡിൻ്റെ ഒരുവശത്തുകൂടി ഗതാഗതം സുഗമമായി കടന്നുപോകുന്നുവെന്ന് ഉറപ്പാക്കണമെന്നും സർക്കുലറിലുണ്ട്. ഇക്കാര്യത്തിൽ 2012-ലും ഡി.ജി.പി സർക്കുലർ പുറപ്പെടുവിച്ചിരുന്നു. എന്നാൽ, ഇത് കാര്യക്ഷമമായി നടപ്പാക്കുന്നില്ലെന്ന് വിലയിരുത്തിയാണ് വീണ്ടും സർക്കുലർ പുറപ്പെടുവിച്ചത്. 

റോഡ് തടസ്സപ്പെടുത്തി തിരുവനന്തപുരം ബാലരാമപുരത്ത് വനിതാ ജ്വാല ജങ്ഷൻ എന്ന പരിപാടി നടത്തിയതിനെതിരേ അഭിഭാഷകനായ കുളത്തൂർ ജയ്‌സിങ് ഫയൽചെയ്ത കോടതിയലക്ഷ്യ ഹർജിയിലാണ് പുതിയ സർക്കുലറിന്റെ കാര്യം സർക്കാർ അറിയിച്ചത്. അതേ സമയം ഡി.ജി.പി.യുടെ സർക്കുലർ കോടതിയലക്ഷ്യമാണെന്ന് ഹർജിക്കാരൻ വാദിച്ചു. റോഡ് തടസ്സപ്പെടുത്തി യാതൊരു പരിപാടികളും നടത്തരുതെന്നാണ് ഹൈക്കോടതിയുടെ മുൻ ഉത്തരവെന്നും ചൂണ്ടിക്കാട്ടി. തുടർന്ന് ഇതിൽ വ്യക്തതവരുത്താൻ ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് എസ്.മുരളീകൃഷ്ണ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സർക്കാരിന് നിർദേശം നൽകി. വിഷയം പിന്നീട് പരിഗണിക്കും.


Previous Post Next Post