കണ്ണൂർ :- സംസ്ഥാനത്തെ എല്ലാ ഡി.വൈ.എസ്.പി, എ.സി.പി ഓഫീസുകളിലും കുടുംബശ്രീ 'സ്നേഹിത എക്സ്റ്റൻഷൻ സെന്ററുകൾ' പ്രവർത്തനം തുടങ്ങും. അതിക്രമങ്ങൾക്കിരയായി പോലീസ് സ്റ്റേഷനുകളിൽ എത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ കൗൺസലിങ് നൽകുകയാണ് ലക്ഷ്യം. ഇതിനായി കുടുംബശ്രീയുടെ കീഴിൽ പ്രവർത്തിക്കുന്ന 84 കമ്യൂണിറ്റി കൗൺസലർമാരെ തിരഞ്ഞെടുത്തിട്ടുണ്ട്. പരാതിക്കാരുടെ ആവശ്യവും കേസിന്റെ പ്രാധാന്യവും കണക്കിലെടുക്കുന്നതിനൊപ്പം പോലീസിൻ്റെ നിർദേശവും കൂടി പരിഗണിച്ചാകും കൗൺസലിങ്.
നിലവിൽ സംസ്ഥാനത്തെ തിരഞ്ഞെടുത്ത ഏഴു പോലീസ് സ്റ്റേഷനുകളിൽ സ്നേഹിത എക്സ്റ്റൻഷൻ സെൻററുകൾ പ്രവർത്തിക്കുന്നുണ്ട്. സമാന മാതൃകയിൽ മാർച്ച് രണ്ടാംവാരത്തോടെ സംസ്ഥാന വ്യാപകമായി എല്ലാ ഡിവൈ.എസ്.പി, എ.സി.പി ഓഫീസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് ആലോചന. ആദ്യഘട്ടത്തിൽ ആഴ്ചയിൽ രണ്ടുദിവസമായിരിക്കും കൗൺസലിങ് സേവനം.
കൗൺസലിങ്ങിന് എത്തുന്നവർക്ക് കൂടുതൽ പിന്തുണ ആവശ്യമെങ്കിൽ അതിനുള്ള സൗകര്യവും ഒരുക്കും. വിദഗ്‌ധ മാനസികാരോഗ്യചികിത്സ ആവശ്യമുള്ളവർക്ക് അത് ഉറപ്പാക്കാനുള്ള റഫറൽ സംവിധാനവും ഉണ്ടാകും. ഡിവൈ.എസ്.പി, എ.സി.പി ഓഫീസുകളിൽ സൗകര്യമില്ലെങ്കിൽ അതിൻ്റെ പരിധിയിൽ വരുന്ന പോലീസ് സ്റ്റേഷനുകളിലോ അതുമല്ലെങ്കിൽ സബ്‌ഡിവിഷൻ പരിധിയിലുള്ള സൗകര്യപ്രദമായ മറ്റു പോലീസ് സ്റ്റേഷനുകളോ ഇതിനായി കണ്ടെത്തും. കൗൺസലിങ് സേവനങ്ങൾ നൽകുന്നതിനുള്ള അടിസ്ഥാന സൗകര്യവുമൊരുക്കും.
അതിക്രമങ്ങൾ നേരിടേണ്ടിവന്ന സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ നിയമസഹായം, താത്കാലിക താമസം, കൗൺസലിങ് എന്നിവ നൽകുന്നതിനായി പ്രവർത്തിക്കുന്ന കുടുംബശ്രീ സംവിധാനമാണ് സ്നേഹിത ജെൻഡർ ഹെൽപ്ഡെസ്ക് നിലവിൽ പതിനാല് ജില്ലകളിലും സ്നേഹിത പ്രവർത്തിക്കുന്നുണ്ട്.