ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം വിഷുവിളക്ക് ഉത്സവം ഏപ്രിൽ 13 മുതൽ ; വട്ടപ്പന്തൽ നിർമ്മാണം പൂർത്തിയായി


ചെറുകുന്ന് :- ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രത്തിലെ വിഷുവിളക്ക് ഉത്സവത്തിനെത്തുന്നവർ ക്ഷേത്രത്തിനു മുന്നിലെ വട്ടപ്പന്തലിൽ ഒത്തുചേരും. 111 തേക്കിൻ തൂണു കളും 1500ൽ അധികം മുളകളും 6000ത്തിലധികം മെടഞ്ഞ തെങ്ങോലയും ഉപയോഗിച്ചുള്ള വട്ടപ്പന്തൽ നിർമാണം പൂർത്തിയായി. ഓരോ വർഷവും ഉത്സവത്തിനായി പുതിയ പന്തൽ ഒരുങ്ങും. ധനു 2ന് മുഹൂർത്ത തൂണ് നാട്ടി നാട്ടുകാരുടെ നേതൃത്വത്തിൽ പന്തലിന്റെ പണി തുടങ്ങി. 

പാരമ്പര്യമായി പന്തൽ നിർമാണച്ചുമതല കോളങ്കട തറവാട്ടുകാർക്കാണ്. പന്തൽ നിർമാണത്തിൽ 100 തൊഴിൽ ദിനങ്ങളിലായി പ്രദേശത്തെ യുവാക്കളും, അന്നപൂർണേശ്വരി സേവാസമിതിയും രംഗത്തിറങ്ങും. ഏപ്രിൽ 13 മുതൽ 20 വരെ ക്ഷേത്രത്തിൽ വിഷുവിളക്ക് ഉത്സവം നടക്കും. വട്ടപ്പന്തലിനുള്ളിൽ വാദ്യമേളങ്ങളോടെ ആനപ്പുറത്ത് ഉത്സവം, വിവിധ ദിവസങ്ങളിലായി കണ്ണപുരം, ചെറുകുന്ന്, ഇരിണാവ്, പറശ്ശിനി ക്കടവ് ദേശവാസികൾ നടത്തുന്ന കാഴ്‌ച വരവും ഉണ്ടാകും. വിവിധ ദേശങ്ങളിലേക്കു ഉത്സവം എഴുന്നള്ളിപ്പും നടക്കും. രാവിലെ മുതൽ രാത്രി വരെ വിവിധ കലാപരിപാടികളും നടക്കും.

Previous Post Next Post