താമരശ്ശേരിയിലെ ഷഹബാസ് കൊലക്കേസ് ; കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ റിമാൻഡ് കാലാവധി നീട്ടി, ജാമ്യാപേക്ഷ ഏപ്രിൽ 1 ന് പരിഗണിക്കും


കോഴിക്കോട് :- താമരശ്ശേരി ഷഹബാസ് കൊലക്കേസിൽ കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ റിമാൻഡ് കാലാവധി നീട്ടി. ജുവനൈൽ ജസ്റ്റിസ് ബോർഡ് ആണ് റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടിയത്. റിമാൻഡ് കാലാവധി ഇന്ന് അവസാനിച്ചതിനെ തുടർന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുമ്പില്‍ വിദ്യാർഥികളെ നേരിട്ട് ഹാജരാക്കിയിരുന്നു. ഏപ്രിൽ ഒന്നിന് വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ കോടതി പരി​ഗണിക്കും. നേരത്തെ ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് ജില്ലാ കോടതിയെ സമീപിച്ചത്.

 ഷഹബാസ് വധക്കേസിലെ പ്രതികളായ വിദ്യാര്‍ത്ഥികള്‍ എസ്എസ്എല്‍സി പരീക്ഷയെഴുതിയിരുന്നു. പ്രതികളെ പാര്‍പ്പിച്ചിരിക്കുന്ന വെള്ളിമാടുകുന്ന് ജുവൈനൽ ഹോമിൽ തന്നെയാണ് പ്രതികള്‍ക്ക് പരീക്ഷ കേന്ദ്രമൊരുക്കിയത്. പ്രതികളെ പാര്‍പ്പിച്ചിരുന്ന വെളളിമാട് കുന്ന് ജുവനൈല്‍ ഹോമിന് പരിസരത്തെ സ്കൂളുകളാണ് പരിഗണിച്ചത് എങ്കിലും അവിടേക്കും പ്രതിഷേധം വ്യാപിക്കുമെന്നതിനാല്‍ ജുവനൈല്‍ ഹോം തന്നെ പരീക്ഷ കേന്ദ്രമാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

എളേറ്റില്‍ വട്ടോളി എം ജെ ഹയർസെക്കൻഡറി സ്കൂൾ പത്താംതരം വിദ്യാർഥിയായിരുന്നു മുഹമ്മദ് ഷഹബാസ്. താമരശ്ശേരിയിൽ ഷഹബാസ് ഉൾപ്പെടുന്ന എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും താമരശ്ശേരി കോരങ്ങാട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും തമ്മിൽ ട്യൂഷൻ സെന്‍ററിലെ കലാപരിപാടിയെ ചൊല്ലി സംഘര്‍ഷം ഉണ്ടായിരുന്നു. സംഘർഷത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഷഹബാസിനെ ക്രൂരമായി മര്‍ദിച്ചു.

നഞ്ചക്ക് എന്ന ആയുധം കൊണ്ട് തലയ്ക്ക് അടിയേറ്റ ഷഹബാസ് വീട്ടിലെത്തി വൈകാതെ ബോധരഹിതനാവുകയായിരുന്നു. രക്ഷിതാക്കൾ ആദ്യം താമരശ്ശേരിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും വെന്‍റിലേറ്റര്‍ സഹായത്തോടെ ഒരു ദിവസം മാത്രമാണ് ഷഹബാസിന്‍റെ ജീവൻ നിലനിർത്താൻ ആയത്. 

Previous Post Next Post