മുല്ലക്കൊടി :- "ഒരോ ബസ്ടിക്കറ്റും മെഷീനിൽ നിന്ന് മുറിഞ്ഞു വീഴുമ്പോൾ നിങ്ങളോർക്കുക അങ്ങകലെ എവിടെയോ ഒരു മരം കൂടി മുറിഞ്ഞു വീഴുന്നുണ്ട്.അതെ നമ്മുടെ കയ്യിൽ കിട്ടുന്ന ഓരോ കടലാസും പിറക്കുന്നത് ചേതസ്സുറ്റ ഏതോ ഒരു മരത്തിൻറെ മരണത്തിൽ നിന്നാണ്. മരം മുറിച്ച് പൾപ്പാക്കി പരത്തി കടലാസാക്കി മാറ്റുമ്പോൾ എന്തുകൊണ്ട് ഉപയോഗിച്ച കടലാസു തന്നെ പൾപ്പാക്കി പുതിയ കടലാസാക്കി മാറ്റിക്കൂടാ ?" ഹരിതകേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഇ.കെ. സോമശേഖരനാണ് ഇതരത്തിലൊരു ചോദ്യം ഉയർത്തിയത്. അങ്ങനെയാണ് മുല്ലക്കൊടി എ. യു പി സ്കൂളിലെ വിദ്യാർത്ഥികൾ ബസ്ടിക്കറ്റുകൾ ശേഖരിക്കാൻ തുടങ്ങിയത്. അതൊരു കാഴ്ച തന്നെയായിരുന്നു. ഓരോ ദിവസവും സ്കൂളിലേക്കും തിരിച്ചുമുള്ള യാത്രയിൽ ടിക്കറ്റു ലഭിക്കാത്ത അവർ സഹയാത്രികരായ മുതിർന്നവരുടെ മുമ്പിൽ കൈനീട്ടിയും അധ്യാപകരോടും രക്ഷിതാക്കളോടും ചോദിച്ചും ശേഖരിച്ചത് മുപ്പത്തേഴായിരത്തോളം ടിക്കറ്റുകളാണ്.
അച്ചടിമഷി മാഞ്ഞതും ചുക്കി ചുളിഞ്ഞതുമായ ആ കടലാസുകൾ സ്കൂൾ വിദ്യാർഥികളും അധ്യാപകരും ചേർന്ന് ഹരിത കേരളമിഷനു കൈമാറി. ഓരോ ടിക്കറ്റു കഷ്ണത്തിനും ഒരു മരമെങ്കിലും സംരക്ഷിക്കാൻ ആകുമെന്ന് തെളിയിച്ചു കൊടുക്കാം എന്നും ആഗോള താപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും മരമാണു മറുപടിയെന്നു മറക്കാതിരിക്കാം എന്നുമാണ് മുല്ലക്കൊടി എ.യു.പി സ്കൂളിലെ കുട്ടികൾ നൽകുന്ന സന്ദേശം. തിങ്കളാഴ്ച സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ മയ്യിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് എം.വി അജിത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം എം.അസൈനാർ അധ്യക്ഷത വഹിച്ചു. ഹരിത കേരളമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഇ.കെ സോമശേഖരൻ റിസോഴ്സ് പേഴ്സൺ പി.പി സുകുമാരൻ, റിട്ട. ഹെഡ്മിസ്ട്രസ് കെ.സി സതി , റിട്ട. ഹെഡ്മാസ്റ്റർ രാജൻ, കെ.വി സുധാകരൻ, പി.ലത എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ സി.സുധീർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.പി അബ്ദുൽ ഷുക്കൂർ നന്ദിയും പറഞ്ഞു. കുട്ടികൾക്ക് ഗ്രാഫ്റ്റിംഗ് സംബന്ധിച്ച ക്ലാസും ഉണ്ടായിരുന്നു.