ഹജ്ജ് യാത്രാനിരക്ക് പ്രഖ്യാപിച്ചു ; ഉയർന്ന ചെലവ് കോഴിക്കോട്ടുനിന്ന്, 40,000 രൂപ കൂടുതൽ


കൊണ്ടോട്ടി :- കരിപ്പൂരിൽ നിന്നുള്ള ഹജ് തീർഥാടനത്തിനു കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളെ അപേക്ഷിച്ച് 40,000 രൂപയിലേറെ അധിക ചെലവു വരുമെന്ന ആശങ്കയ്ക്കു സ്ഥിരീകരണമായി. വിവിധ പുറപ്പെടൽ കേന്ദ്രങ്ങളിൽ നിന്നുള്ള യാത്രാനിരക്ക് ഇന്നലെ കേന്ദ്ര ഹജ് കമ്മിറ്റി പ്രഖ്യാപിച്ചപ്പോൾ കോഴിക്കോട്ടു നിന്ന് 1,35,828 രൂപയുമാണു വിമാന ടിക്കറ്റ് നിരക്ക്. കൊച്ചിയിൽ ഇത് 93,231.60 രൂപയും കണ്ണൂരിൽ 94,248 രൂപയുമാണു നിരക്ക്. ആകെ ചെലവ് ഇപ്രകാരം. 

കോഴിക്കോട് (3,70,250), കൊച്ചി (3,26,650), കണ്ണൂർ (3,29,000). ശരാശരി കണക്കാക്കുമ്പോൾ കോഴിക്കോട്ടുനിന്നു 42,000 രൂപ കൂടുതലാണ്. രണ്ടു വയസ്സിനു താഴെയുള്ള കുട്ടികൾക്ക് കോഴിക്കോട് (19,250 രൂപ), കൊച്ചി (14,000 രൂപ), കണ്ണൂർ (16,300 രൂപ). അപേക്ഷയോടൊപ്പം ബലികർമത്തിനുള്ള കൂപ്പൺ ആവശ്യപ്പെട്ടവർ 16,600 രൂപ കൂടി അധികം അടയ്ക്കണം. ഹജ്‌ജിനു തിരഞ്ഞെടുക്കപ്പെട്ടവർ നേരത്തെ അടച്ച രണ്ടു ഗഡു തുകയായ 2,72,300 രൂപയ്ക്കു പുറമേ, ബാക്കി തുക ഏപ്രിൽ മൂന്നിനകം അടയ്ക്കണം. മൂന്നാം ഗഡു ഇങ്ങനെ കോഴിക്കോട് (97,950), കൊച്ചി (54,350), കണ്ണൂർ (57,600). മേയ് 16 മുതലാണു കേരളത്തിൽ നിന്നുള്ള ഹജ് തീർഥാടനം തുടങ്ങുന്നത്.

Previous Post Next Post