കമ്പിൽ :- കമ്പിൽ ടൗണിൽ നിന്നും ചെറുക്കുന്നിലേക്കുള്ള റോഡിന്റെ റീതാറിങ് പ്രവൃത്തി നിർത്തിവെച്ചത് മൂലം ഇന്നലെ പെയ്ത മഴയിൽ സമീപത്തെ വീട്ടുകാരെ ദുരിതത്തിലാക്കി. സമീപത്തെ സി.പി മൊയ്തുവിൻ്റെ വീട്ടിൽ വെള്ളവും മണ്ണും കുത്തിയൊലിച്ച് വന്ന് മുറ്റത്ത് ഇറങ്ങാൻ പറ്റാത്ത സ്ഥിതിയിലായി. സംഘമിത്ര കലാസാംസ്കാരിക കേന്ദ്രത്തിൻ്റെ വരാന്തയിലും, റോഡിൻ്റെ ഇരുവശത്തുമുള്ള ക്വട്ടേർസിൻ്റെ വഴിയും ചെളിവെള്ളം കയറി.
2024 - 25 സാമ്പത്തിക പദ്ധതിയിൽ ഉൾപ്പെടുത്തികൊണ്ടാണ് കൊളച്ചേരി ഗ്രാമപഞ്ചായത്ത് റീതാറിങ് നടത്തുന്നത്. എന്നാൽ വളരെ ഇടുങ്ങിയതും ഡ്രെയിനേജ് സൗകര്യം ഒരുക്കാൻ സംവിധാനമില്ലാത്ത റോഡ് ഉയർത്തി താറിങ് പ്രവൃത്തി കാരണം സമീപത്തെ വീടുകളിലും സ്ഥാപനത്തിലും കനത്ത മഴയിൽ വെള്ളം കയറി. പ്രശ്നത്തിന് അടിയന്തിരമായി പരിഹാരം കാണണമെന്ന് വീട്ടുകാർ പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.