മയ്യിൽ :- "പത്തുരൂപയുണ്ട് ശിവന്യയുടെയും ആയിഷയുടെയും കയ്യിൽ. സാൾട്ടി വൈബ്സിലാവട്ടെ പലകൂട്ടം രുചികളുണ്ട്, ഉപ്പിലിട്ടതും അല്ലാത്തതുമായി. ഉപ്പിലിട്ട മാങ്ങേം പൈനാപ്പിളും വേണം. കാരറ്റും ബീറ്റ്റൂട്ടും ഉപ്പിലിട്ടത് വറൈറ്റി ആണ്, വാങ്ങാതെങ്ങനെ?ദാഹം തീർക്കാൻ തണ്ണിമത്തൻ ജ്യൂസ് കൂടി വേണം. രണ്ടാളും ചേർന്ന് തലപുകഞ്ഞ് ആലോചിച്ചു. കൂട്ടലും കിഴിക്കലും ഹരണവും ഗുണനവുമെല്ലാം ആ തലപുകയ്ക്കലിനിടെ പലവട്ടം വന്നുപോയി. വൈബുള്ളൊരു പഠനപ്രവർത്തനത്തിലൂടെ കുട്ടികളുടെ ഉള്ളിലേക്ക് ഗണിതവും അളവും തൂക്കവുമൊക്കെ നടന്നുകയറി".
കയരളം നോർത്ത് എൽ.പി സ്കൂളിൻ്റെ പഠനോത്സവം ക്ലാസ് മുറിയിൽ നിന്ന് ഇങ്ങനെയെത്തിയത് എരിഞ്ഞിക്കടവിലെ മൈതാനത്തേക്കാണ്. ഒരു കാർണിവലിൻ്റെ ആളും ആരവുമുണ്ട് അവിടെ. സയൻസ് മാജിക്കും ഭാഷാ തിയറ്ററും പ്രദർശനവും ലാബും ഗെയിംസോണും എല്ലാം ചേർന്ന ഉത്സവമേളം. ഗെയിം സോണിൽ ഗണിതത്തിലെ വിവിധ കളികളാണ്.
കളിക്കുന്നതും കളിപ്പിക്കുന്നതും കുട്ടികൾ. സയൻസ് ലാബിൽ ശാസ്ത്രാത്ഭുതങ്ങൾ രക്ഷിതാക്കൾക്കും നാട്ടുകാർക്കും പരിചയപ്പെടുത്തുന്നതും കുട്ടികൾ തന്നെ. പഠനോത്സവം തളിപ്പറമ്പ് സൗത്ത് ബി ആർ സി കോഡിനേറ്റർ സി കെ രേഷ്മ ഉദ്ഘാടനം ചെയ്തു. എ പി സുചിത്ര, എം ഗീത, ടി പി പ്രശാന്ത്, നിഷ്കൃത, സൗമ്യ പ്രശാന്ത് എന്നിവർ സംസാരിച്ചു. ആദായകരമല്ലാത്ത സ്കൂളുകളുടെ പട്ടികയിൽ നിന്ന് പഠനമികവിൻ്റെ അമ്പരപ്പിക്കുന്ന കാഴ്ചകൾ അവതരിപ്പിക്കുകയാണ് വിദ്യാലയം.