ഇരിട്ടി :- സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മുള്ളുവേലിയിൽ നിന്നും ഷോക്കേറ്റ് വയോധികൻ മരണപ്പെട്ടു. തില്ലങ്കേരി പള്ള്യത്തെ തൊണ്ടം കുളങ്ങര വീട്ടിൽ എം.മുകുന്ദൻ (62) ആണ് മരണപ്പെട്ടത്. ഇന്നലെ വൈകുന്നേരം 6.30 ഓടെയാണ് സംഭവം. വീടിനടുത്തുള്ള പറമ്പിൽ കെട്ടിയ ആടിനെ അഴിച്ചു മാറ്റുന്നതിനിടയിൽ കമ്പിവേലി തൊട്ടപ്പോൾ ഷോക്കേൽക്കുകയായിരുന്നു.
കമ്പിവേലിയുടെ ഒരു ഭാഗത്ത് വൈകുന്നേരം പെയ്ത മഴയിലും കാറ്റിലും വൈദ്യുതി ലൈൻ പൊട്ടിവീണിരുന്നു. ഇതിൽ നിന്നാണ് മുള്ളുവേലിയിലേക്ക് വൈദ്യുതി പ്രവാഹം ഉണ്ടായത്. സമയം കഴിഞ്ഞും തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും അന്വേഷിച്ചിറങ്ങിയപ്പോഴാണ് പറമ്പിൽ ഷോക്കേറ്റ് മരിച്ചനിലയിൽ കണ്ടത്. പെട്ടെന്ന് മേഖലയിൽ വൈദ്യുതി നിലച്ചത് വൻ ദുരന്തമാണൊഴിവായത്. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
ഭാര്യ : ഓമന
മകൻ : പ്രഭീഷ് ( ഓട്ടോഡ്രൈവർ, ഉളിയിൽ)