വ്യക്തികളുടെ ഭൂമി ഉൾപ്പെടെയുള്ള ആസ്തി വിവരങ്ങൾ അടങ്ങുന്ന ഡിജിറ്റൽ പ്രോപ്പർട്ടി കാർഡ് നവംബർ ഒന്നിന് പുറത്തിറക്കും - മന്ത്രി കെ രാജൻ


കണ്ണൂർ :- ഒരു വ്യക്തിയെ സംബന്ധിക്കുന്ന ഭൂമി ഉൾപ്പെടെയുള്ള എല്ലാ ആസ്തിവിവരങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഡിജിറ്റൽ പ്രോപ്പർട്ടി കാർഡ് നവംബർ ഒന്നിന് പുറത്തിറക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. ചിറക്കൽ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിടോദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാർട്ട് ആക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. റവന്യൂ വകുപ്പിന്റെ 555 വില്ലേജ് ഓഫീസുകൾ സ്മാർട്ട് വില്ലേജ് ഓഫീസുകൾ ആക്കുകയാണ്. മുന്നൂറോളം വില്ലേജ് ഓഫീസുകളുടെ നിർമാണം ആരംഭിച്ചു. ഇതിനൊപ്പം, റവന്യൂ വകുപ്പിന്റെ സേവനങ്ങൾ പൂർണമായും ഇ-സേവനങ്ങൾ ആക്കുന്ന നടപടിക്രമങ്ങളും നടന്നു വരുന്നു. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന മുദ്രാവാക്യത്തോടെ നിലവിൽ ഒരുലക്ഷത്തി എൺപതിനായിരത്തോളം പട്ടയങ്ങൾ വിതരണം ചെയ്തുവെന്നും മന്ത്രി പറഞ്ഞു.

Previous Post Next Post