ഷഹബാസിന്‍റെ കൊലപാതകം ; ആസൂത്രണം നടന്ന ഇൻസ്റ്റഗ്രാം ഗ്രൂപ്പുകളെ കുറിച്ച് മെറ്റയോട് വിവരങ്ങൾ തേടി പോലീസ്


കോഴിക്കോട് :- താമരശ്ശേരിയിലെ പത്താംക്ലാസ് വിദ്യാർഥി ഷഹബാസിന്‍റെ കൊലപാതകത്തിൽ മെറ്റയോട് വിവരങ്ങൾ തേടി അന്വേഷണസംഘം. സംഘർഷം ആസൂത്രണം ചെയ്ത ഇൻസ്റ്റഗ്രാം ഗ്രൂപ്പുകളെ കുറിച്ച് അറിയാനാണ് പൊലീസ് മെറ്റയോട് വിവരങ്ങൾ ആരാഞ്ഞത്. സംഭവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഓഡിയോ സന്ദേശങ്ങളുടെ ഉറവിടവും, അക്കൗണ്ടുകൾ വ്യാജമാണോ എന്നും അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് മെറ്റയ്ക്ക് മെയിൽ അയച്ചു. വാട്ട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്കായി ഉപയോഗിച്ച ഡിവൈസുകളുടെ വിവരം അറിയിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

ഷഹബാസിനെ കൊലപ്പെടുത്തിയ കേസില്‍ കോഴിക്കോട് വെള്ളിമാടുകുന്ന് ഒബ്സര്‍വേഷന്‍ ഹോമില്‍ റിമാന്‍റില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ ഇന്നും പൊലീസ് കാവലില്‍ പരീക്ഷ എഴുതും. ഇന്നലെ റിമാന്‍റിലായ വിദ്യാര്‍ത്ഥിയുള്‍പ്പെടെ ആറു വിദ്യാര്‍ത്ഥികളാണ് ജുവൈനൽ ഹോമില്‍ പ്രത്യേകം തയ്യാറാക്കിയ കേന്ദ്രത്തിൽ പരീക്ഷ എഴുതുക. ഇവരെ പരീക്ഷ എഴുതിക്കുന്നതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെഎസ്‍യു പ്രഖ്യാപിച്ചിട്ടുണ്ട്. ഷഹബാസിന്‍റെ കൊലപാതകം സംബന്ധിച്ച ആസൂത്രണത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോയെന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.

ഷഹബാസിന്റെ കൊലപാതകത്തിൽ ഒരു വിദ്യാർഥിയെക്കൂടി പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. താമരശ്ശേരി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയെയാണ് കസ്റ്റഡിയിലെടുത്തത്. ഇതോടെ പൊലീസ് പിടിയിലാകുന്ന വിദ്യാർഥികളുടെ എണ്ണം ആറായി. ‌ഷഹബാസിനെ മർദിച്ച സംഘത്തിൽപ്പെട്ട വിദ്യാർഥിയാണിതെന്നാണ് പൊലീസ് പറയുന്നത്.

Previous Post Next Post