വടകര :- നാളികേരക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ പച്ചത്തേങ്ങ, കൊപ്ര വില സർവകാല റെക്കോഡിൽ. പച്ചത്തേ ങ്ങയുടെ വ്യാഴാഴ്ചത്തെ വില കിലോയ്ക്ക് 60-61 രൂപയാണ്. കൊപ്ര ക്വിൻ്റലിന് 17,250 രൂപമുതൽ 17,500 രൂപവരെ. കുറേദിവസമായി 50-55 രൂപയായിരുന്നു പച്ചത്തേങ്ങയുടെ വില. ചൊവ്വാഴ്ച 58 രൂപയായും ബുധനാഴ്ച 59 രൂപയായും ഉയർന്നപ്പോൾ വ്യാഴാഴ്ച ഒറ്റയടിക്ക് 61 രൂപയിലെത്തി. തമിഴ്‌നാട്ടിലും ഏതാണ്ട് ഇതേ വിലയാണ്. കേരളം, തമിഴ്‌നാട്, കർണാ ടക എന്നിവിടങ്ങളിൽ നാളികേര ഉത്പാദനം വലിയതോതിൽ കുറഞ്ഞിട്ടുണ്ട്. ഇതാണ് വിലവർധനയിലേക്ക് നയിച്ചത്.
2024 മാർച്ചിൽ പച്ചത്തേങ്ങയ്ക്ക് കിലോയ്ക്ക് 29 രൂപയായിരുന്നു വില. ഇതാണ് ഇരട്ടിയോളം വർധിച്ചത്. കൊപ്രയ്ക്ക് കഴിഞ്ഞവർഷം ഇതേസമയം കിട്ടിയത് 9500 രൂപ. നാളികേരക്ഷാമം ഉണ്ടക്കൊപ്ര, രാജാപ്പുർ കൊപ്ര, കൊട്ടത്തേങ്ങ എന്നിവയുടെ വിലവർധനയ്ക്കും വഴിയൊരുക്കി. രാജാപ്പൂർ വില ക്വിന്റലിന് 20,400 രൂപയായി. ഉണ്ടക്കൊപ്ര 18,000 രൂപയും കൊട്ടത്തേങ്ങയ്ക്ക് 17,750 രൂപയും. കൊട്ടത്തേങ്ങ വിലയും സർവകാല റെക്കോഡാണ്.