കണ്ണൂർ :- പുതിയ അധ്യയന വർഷത്തിലേക്കുള്ള ഒന്നാംഘട്ട പാഠപുസ്‌തകങ്ങളുടെ വിതരണം തുടങ്ങി. ജില്ലാ ബുക്ക് ഡിപ്പോയിൽ നിന്നു സ്കൂൾ സൊസൈറ്റികളിലേക്കാണ് പുസ്തകം വിതരണം ചെയ്യുന്നത്. സൊസൈറ്റിയിൽ നിന്നു സ്കൂൾ അധികൃതർ ഏറ്റുവാങ്ങി പിന്നീട് സ്കൂളുകളിൽ നിന്നു കുട്ടികൾക്ക് കൈമാറും. ഓണപ്പരീക്ഷയ്ക്ക് മുൻപായി പഠിപ്പിച്ചു തീർക്കേണ്ടതാണ് ഒന്നാംഘട്ട പുസ്തകങ്ങൾ. പയ്യാമ്പലം ഡിപ്പോയിൽ സൗകര്യം പരിമിതമായതിനാൽ തീരുന്ന മുറയ്ക്കാണ് പുസ്തകം എത്തിക്കുന്നത്. പുസ്തകങ്ങൾ തരംതിരിക്കാനായി 18 കുടുംബശ്രീ പ്രവർത്തകരുണ്ട്. ഏപ്രിൽ ആദ്യവാരം തന്നെ പാഠപുസ്‌തകങ്ങൾ കുട്ടികളുടെ കൈകളിലെത്തിക്കാനാകുമെന്നാണു അധികൃതരുടെ പ്രതീക്ഷ.
രണ്ടാം ഘട്ടത്തിൽ 20 ലക്ഷം പുസ്‌തകങ്ങളും മൂന്നാം ഘട്ടത്തിൽ 4 ലക്ഷം പുസ്തകങ്ങളും ജില്ലയിൽ കുട്ടികൾക്ക് ആവശ്യമായുണ്ട്. രണ്ടാം ഘട്ടം പുസ്തക വിതരണം ഓണം ആരംഭിക്കുന്നതിനു മുൻപ് തന്നെ എത്തിക്കാനാകും. ജില്ലയിലുള്ള 15 ഉപജില്ലകളിൽ, കണ്ണൂർ നോർത്ത്- സൗത്ത്, തളിപ്പറമ്പ് നോർത്ത്- സൗത്ത്, പാപ്പിനിശേരി, പയ്യന്നൂർ എന്നീ ഉപജില്ലകൾക്കാണ് പുസ്‌തകം നൽകിയത്. ജില്ലയിൽ 324 സ്കൂൾ സൊസൈറ്റികളാണുള്ളത്. പാഠപുസ്തകങ്ങൾ എറണാകുളം കാക്കനാട് കേരള പ്രിന്റിങ് ആൻഡ് പബ്ലിഷേഴ്സ‌് സൊസൈറ്റിയിൽ നിന്നാണ് ജില്ലയിലേക്ക് എത്തിക്കുന്നത്.