കളമശേരി പോളിടെക്നിക്ക് ഹോസ്റ്റലിലെ ലഹരിക്കേസ് ; കഞ്ചാവ് എത്തിച്ച ഇതര സംസ്ഥാനക്കാര്‍ അറസ്റ്റില്‍


കൊച്ചി :- കളമശേരി പോളിടെക്നിക്ക് ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിച്ച ഇതര സംസ്ഥാനക്കാര്‍ അറസ്റ്റില്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. പിടിയിലായവരില്‍ ഒരാള്‍ കഞ്ചാവിന്‍റെ ഹോള്‍സെയില്‍ ഡീലറെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. സുഹൈല്‍ ഷേഖ്,എഹിന്തോ മണ്ഡല്‍ എന്നിവരാണ് അറസ്റ്റിലായത്. രണ്ടു പേരും പശ്ചിമംബംഗാളിലെ മൂര്‍ഷിദാബാദ് ജില്ലക്കാരാണ്. മൂവാറ്റുപുഴയിലെ ഇതര സംസ്ഥാനക്കാരുടെ താമസ സ്ഥലത്തു നിന്നാണ് ഇരുവരും പിടിയിലായത്.

സുഹൈല്‍ ഭായ് എന്നു വിളിക്കുന്നയാളാണ് കഞ്ചാവ് എത്തിച്ചു നല്‍കിയതെന്ന് കേസില്‍ നേരത്തെ അറസ്റ്റിലായ പൂര്‍വ വിദ്യാര്‍ഥികള്‍ ആഷിക്കും ഷാലിക്കും പൊലീസിന് മൊഴി നല്‍കിയിരുന്നു. സുഹൈല്‍ ഭായ് എന്നറിയപ്പെടുന്ന സുഹൈല്‍ ഷേഖിനായി നടത്തിയ അന്വേഷണത്തിനിടയിലാണ് എഹിന്ത മണ്ഡലും പിടിയിലായത്. എഹിന്ത കഞ്ചാവിന്‍റെ ഹോള്‍സെയില്‍ ഡീലറാണെന്നാണ് പൊലീസിന്‍റെ നിഗമനം.

ദിവസക്കൂലിക്ക് ആളെ വച്ചായിരുന്നു എഹിന്തയുടെ കഞ്ചാവ് കച്ചവടം എന്ന് പൊലീസ് പറയുന്നു. പ്രതിദിനം ആയിരം രൂപയായിരുന്നു കഞ്ചാവ് ആവശ്യക്കാര്‍ക്ക് കൈമാറുന്നവര്‍ക്ക് എഹിന്ത നല്‍കിയിരുന്ന പ്രതിഫലം. ബംഗാള്‍, ഒഡീഷ,ബംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് ട്രെയിന്‍ മാര്‍ഗമാണ് കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചിരുന്നതെന്നും എഹിന്ത പൊലീസിനോട് പറഞ്ഞു. സുഹൈലും എഹിന്തയും അറസ്റ്റിലായതോടെ പോളിടെക്നിക് ലഹരി കേസുമായി നേരിട്ട് ബന്ധമുളളവരെല്ലാം പിടിയിലായെന്നാണ് പൊലീസ് ഭാഷ്യം.

Previous Post Next Post