കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാറാത്ത് സ്വദേശി മരണപ്പെട്ടു


നാറാത്ത് :- ലോറിയും കാറും കൂട്ടി ഇടിച്ച്  നാറാത്ത് സ്വദേശി മരണപ്പെട്ടു. നാറാത്ത് റേഷൻ കടയ്ക്ക് സമീപം താമസിക്കുന്ന ഷിഫാസ് കെ.പി (19)യാണ് മരണപ്പെട്ടത്. നാറാത്ത് കുമ്മായക്കടവിലെ മൊയ്‌ദീന്റെ മകനാണ്. പന്തീരാങ്കാവ് അത്താണിക്ക് സമീപമാണ് അപകടം നടന്നത്. കാറിൽ ഒപ്പമുണ്ടായിരുന്ന  അബ്ദുൽ മജീദ് (44), ഭാര്യ ആയിഷ, മക്കളായ മുഹമ്മദ് ആഷിഖ് (21), നിമീർ (19) എന്നിവർ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നിമീറിൻ്റെ നില അതീവ ഗുരുതരമാണ്. 

ഇന്നലെ രാത്രി എട്ടരയോടെയാണ് അപകടമുണ്ടായത്. തൊണ്ടയാട് ഭാഗത്തുനിന്നും വന്ന ലോറി അത്താണി ജംഗ്ഷനിൽ വലതുവശത്തേക്ക് തിരിക്കുകയും പിറകിൽ വന്ന കാർ ലോറിയുമായി ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിക്കടിയിലേക്ക് കയറിയ കാർ പൂർണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ച് നാട്ടുകാരും പന്തീരാങ്കാവ് പോലീസും ചേർന്നാണ് യാത്രക്കാരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. ഗൾഫിലേക്ക് പോകുന്ന മജീദിനെ കരിപ്പൂർ വിമാനത്താവളത്തിലേക്ക് കൊണ്ട് വിടാൻ പോവുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. 

Previous Post Next Post