റോഡരികിലെ തിരക്കൊഴിയും ; കണ്ണൂരിൽ ബഹുനില കാർ പാർക്കിങ്‌ സംവിധാനം രണ്ടുമാസത്തിനകം തുറക്കും


കണ്ണൂർ :- നഗരത്തിൽ കൂടുതൽ പാർക്കിങ് സൗകര്യം ഏർപ്പെടുത്താനായി അമൃത് പദ്ധയിൽപ്പെടുത്തി പണിത ബഹുനില കാർ പാർക്കിങ് സംവിധാനം രണ്ടുമാസത്തിനകം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് മേയർ മുസ്‌ലിഹ് മഠത്തിൽ അറിയിച്ചു. സ്റ്റേഡിയം, ബാങ്ക് റോഡ് എന്നിവിടങ്ങളിലായിട്ടാണ് രണ്ട് ബഹുനില കാർ പാർക്കിങ് സംവിധാനം നിർമിച്ചത്. രണ്ട് സ്ഥലങ്ങളിലുമായി 155 കാറുകൾ നിർത്തിയിടാവുന്ന രീതിയിലാണ് ഇവയുടെ രൂപകല്പന. 12.04 കോടി രൂപയുടെ സാങ്കേതികാനുമതിയാണ് ലഭിച്ചത്. പ്രവൃത്തിയുടെ 80 ശതമാനം പ്രവൃത്തികളും 2022-ൽ പൂർത്തിയായിട്ടുണ്ട്. ഇനി ഇലക്ട്രിക്കൽ പണികൾ മാത്രമാണ് ബാക്കിയുള്ളത്.

പുനെ ആസ്ഥാനമായ അഡിസോഫ്റ്റ് ടെക്നോളജി എന്ന കമ്പനിക്ക് 2020-ൽ കരാർ നൽകിയതാണ്. എന്നാൽ സ്ഥലത്തുള്ള ബങ്കുകൾ ഒഴിവാക്കുന്നതിലെ കാലതാമസവും സ്ഥലത്തെ ബിഎസ്എൻഎൽ ഒപ്റ്റിക്കൽ ഫൈബർ കേബിൾ ഡക്ടുകളും കാരണം ഡിസൈൻ മാറ്റേണ്ടിവന്നു. 2021-ലാണ് സൈറ്റ് കൈമാറി പ്രവൃത്തി ആരംഭിച്ചത്.
ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ നിന്നുള്ള എതിർപ്പില്ലാ രേഖ ലഭിക്കാൻ വൈകിയതാണ് പ്രവൃത്തി വൈകാൻ മറ്റൊരു കാരണം. 

4 അടങ്കൽ അംഗീകാരത്തിന് സമർപ്പിച്ചെങ്കിലും എട്ടുമാസത്തിനു ശേഷമാണ് അത് അനുവദിച്ചുകിട്ടിയിയത്. 2024-ലാണ് അംഗീകാരം ലഭിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ സപ്ലിമെൻററി എഗ്രിമെൻറ് വെച്ച് കരാറുകാരന് തുകയുടെ ഒരു ഭാഗം അനുവദിക്കുകയും പ്രവൃത്തി പുനരാരംഭിക്കുകയും ചെയ്തു. കാര്യക്ഷമത പരിശോധിക്കാനായി 2023 മേയിൽ ട്രയൽ റൺ മാത്രമാണ് നടത്തിയിരുന്നത്. അവസാന ഘട്ടമായി ഇപ്പോൾ ഇൻറർലോക്, റസ്റ്റ് റൂം, ചുറ്റുമതിൽ എന്നിവയുടെ പ്രവൃത്തി ആരംഭിച്ചു.
Previous Post Next Post