ക്രിക്കറ്റ് ലഹരി, IPL ൽ ലഹരി വസ്തുക്കളുടെ പരസ്യങ്ങള്‍ക്ക്‌ കർശന നിയന്ത്രണം


മുംബൈ :- ഈ മാസം 22ന് തുടങ്ങുന്ന പുതിയ ഐപിഎല്‍ സീസണില്‍ ലഹരി വസ്തുക്കളുടെ പരസ്യങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കണമെന്ന് ആരോഗ്യമന്ത്രാലയം. ഐപിഎല്‍ ചെയര്‍മാന് ഹെല്‍ത്ത് സര്‍വീസ് ഡിജി അതുല്‍ ഗോയല്‍ കത്ത് നല്‍കി. മത്സരങ്ങളും അനുബന്ധ പരിപാടികളും നടക്കുന്നിടത്തും, സംപ്രേഷണം ചെയ്യുമ്പോഴും മദ്യത്തിന്റെയും പുകയില ഉല്‍പന്നങ്ങളുടെയും പരസ്യങ്ങള്‍ നിരോധിക്കണം. മദ്യം - സിഗരറ്റ് ഉല്‍പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നവരെ ചടങ്ങില്‍ പ്രോത്സാഹിപ്പിക്കരുതെന്നും നിര്‍ദേശമുണ്ട്.

അതേസമയം, ഇന്ത്യന്‍ താരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഐപിഎല്ലിലും നടപ്പാക്കാനൊരുങ്ങുകയാണ് ബിസിസിഐ. ഈ സീസണ്‍ മുതലാവും നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുക. ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി പരമ്പരയിലെ കനത്ത തോല്‍വിക്ക് പിന്നാലെയാണ് ബിസിസിഐ ഇന്ത്യന്‍ താരങ്ങള്‍ക്ക് കടുത്ത നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയത്. ടീമിനൊപ്പമുള്ള യാത്രകളില്‍ കുടുംബാംഗങ്ങള്‍ക്ക് വിലക്ക്, പരിശീലന സെഷനുകളില്‍ നിര്‍ബന്ധമായും പങ്കെടുക്കണം, പരിശീലനത്തിനായി എല്ലാവരും ഒരുമിച്ച് ടീം ബസ്സില്‍ യാത്രചെയ്യണം തുടങ്ങിയവയാണ് ചാംപ്യന്‍സ് ട്രോഫി മുതല്‍ നിലവില്‍ വന്ന നിയന്ത്രണങ്ങള്‍.

ഇത് ഐപിഎല്ലിലും നടപ്പാക്കുകയാണെന്ന് ബിസിസിഐ കഴിഞ്ഞമാസം പതിനെട്ടിന് ടീം ഫ്രാഞ്ചൈസികളെ അറിയിച്ചു. ഇത്തവണ മുതല്‍ വരുന്ന നിയന്ത്രണങ്ങള്‍ എന്തൊക്കെയെന്ന് ഈമാസം ഇരുപതിന് ബിസിസിഐ ആസ്ഥാനത്ത് നടക്കുന്ന പ്രത്യേക യോഗത്തില്‍ ഐപിഎല്‍ നായകന്‍മാരോട് വിശദീകരിക്കും. മത്സര ദിവസത്തിനൊപ്പം ഇനിമുതല്‍ പരിശീലന ദിവസങ്ങളിലും താരങ്ങളുടെ കുടുംബാംഗങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ അക്രഡിറ്റേഷനില്ലാത്ത സപ്പോര്‍ട്ട് സ്റ്റാഫിനോ ഡ്രസ്സിംഗ് റൂമില്‍ പ്രവേശിക്കാനാവില്ല.

ഓറഞ്ച്, പര്‍പ്പിള്‍ ക്യാപ്പുകള്‍ കുറഞ്ഞത് രണ്ടോവറെങ്കിലും താരങ്ങള്‍ ധരിക്കണം. മത്സരദിവസങ്ങളില്‍ താരങ്ങള്‍ക്ക് ശാരീരികക്ഷമതാ പരിശോധന പാടില്ല. ടീം ഡോക്ടര്‍ ഉള്‍പ്പട്ടെ സപ്പോര്‍ട്ട് സ്റ്റാഫില്‍ പന്ത്രണ്ടുപേരില്‍ കൂടുതല്‍ പാടില്ല. സമ്മാനദാന ചടങ്ങില്‍ സ്ലീവലെസ് ജഴ്സി ധരിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളുമുണ്ട്. ഔട്ട് ഫീല്‍ഡിന്റെയും പിച്ചുകളുടേയും സുരക്ഷയ്ക്കായി ഗ്രൌണ്ടില്‍ പരിശീലനത്തിന് അനുവദിക്കുന്ന സ്ഥലങ്ങള്‍ക്കും ഇനി മുതല്‍ നിയന്ത്രണമുണ്ടാവും.

Previous Post Next Post