ചോദ്യപേപ്പര്‍ ചോർച്ചക്കേസ് ; MS സൊല്യൂഷന്‍സ് സിഇഒ ഷുഹൈബിന് ജാമ്യമില്ല


കോഴിക്കോട് :- ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന കേസിലെ മുഖ്യപ്രതിയായ എം.എസ് സൊല്യൂഷന്‍സ് സിഇഒ എം ഷുഹൈബിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. താമരശ്ശേരി മജിസ്ട്റ്റേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ചോദ്യ പേപ്പര്‍ ചോര്‍ത്തിയതിന്‍റെ മുഖ്യ ആസൂത്രകന്‍ ഷുഹൈബായതിനാല്‍ ജാമ്യം അനുവദിക്കരുതെന്നായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ വാദം.  

അതേസമയം കേസില്‍ അറസ്റ്റിലായ മലപ്പുറം മഅദിന്‍ സ്കൂളിലെ പ്യൂണ്‍ അബ്ദുള്‍ നാസറിന്‍റെ റിമാന്‍റ് കാലാവധി കോടതിവീണ്ടും നീട്ടി. അടുത്ത മാസം ഒന്നു വരെയാണ് നീട്ടിയത്. ചോദ്യ പേപ്പര്‍ എം എസ് സൊല്യൂഷന്‍സിലെ അധ്യാപകന് ചോര്‍ത്തി നല്‍കിയത് ഇയാളാണെന്നായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍.

മുഹമ്മദ് ഷുഹൈബിനെ കൊടുവള്ളിയിലെ എം.എസ് സൊല്യൂഷന്‍സ് സ്ഥാപനത്തിൽ എത്തിച്ച് നേരത്തെ പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ജാമ്യാപേക്ഷ തള്ളുന്നത് വരേ ഒളിവിൽ കഴിഞ്ഞ കുന്ദംമംഗലത്തെ വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തിയിരുന്നു. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് തൊട്ടുപിന്നാലെ മാർച്ച് ആറാം തീയ്യതിയാണ് കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തി മുഹമ്മദ് ഷുഹൈബ് കീഴടങ്ങിയത്.

പ്ലസ് വൺ കണക്ക് പരീക്ഷയുടെയും എസ്എസ്എൽസി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യങ്ങൾ എം എസ് സൊല്യൂഷൻസിലൂടെ ചോർന്നതിലാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ചോദ്യ പേപ്പർ ചോർച്ചയുടെ ഉറവിടം കണ്ടെത്തുന്നതിന് വിദ്യാഭ്യാസ വകുപ്പും നടപടികൾ സ്വീകരിച്ചിരുന്നു.

Previous Post Next Post