കണ്ണൂർ :- ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ കന്നുകാലികൾക്കുള്ള ആറാം ഘട്ട കുളമ്പ് രോഗനിയന്ത്രണ പ്രതിരോധ കുത്തിവെപ്പ് മെയ് രണ്ട് മുതൽ ആരംഭിക്കും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ രാവിലെ 11 ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. കെ രത്നകുമാരി നിർവഹിക്കും.
മെയ് രണ്ട് മുതൽ മെയ് 23 വരെ നടക്കുന്ന പരിപാടിയിൽ നാല് മാസത്തിൽ കൂടുതൽ പ്രായമുള്ള പശു/ എരുമകൾക്ക് വാക്്സിനേറ്റർമാർ വീടുകളിലെത്തി സൗജന്യ കുത്തിവെപ്പ് നടത്തും. കുത്തിവെപ്പിന് പാർശ്വഫലങ്ങൾ ഉണ്ടാകില്ല. കുളമ്പ് രോഗ നിയന്ത്രണ പദ്ധതി സംസ്ഥാനത്ത് നിയമപ്രകാരം നിർബന്ധമാക്കിയിട്ടുണ്ട്. ലൈസൻസുകൾ, വിവിധ സർക്കാർ ആനുകൂല്യങ്ങൾ എന്നിവ ലഭിക്കുന്നതിന് കുത്തിവെപ്പ് നിർബന്ധമാണ്. പ്രതിരോധ കുത്തിവെപ്പുകൊണ്ട് അപകടങ്ങൾ സംഭവിച്ചാലുള്ള നഷ്ടപരിഹാരം സർക്കാർ നൽകും. കുത്തിവെക്കാൻ അനുവദിക്കാത്ത കർഷകരുടെ വിവരങ്ങൾ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് ചെയ്യും. ജില്ലാ കലക്ടറാണ് പദ്ധതിയുടെ ജില്ലാതല മോണിറ്ററിംഗ് യൂണിറ്റിന്റെ ചെയർമാൻ.
2030ന് മുൻപ് ഇന്ത്യയിൽ നിന്നും കുളമ്പ് രോഗം തുടച്ചുമാറ്റി, പാൽ, മാംസം എന്നിവയുടെ ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുക, കയറ്റുമതി ശക്തമാക്കുക, കർഷകരുടെ വരുമാനം വർധിപ്പിക്കുക എന്നിവയാണ് ഈ ബൃഹത് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.