പാലക്കാട് :- ഇതുവരെ ഒരു ഭവനപദ്ധതിയിലും ഉൾപ്പെടാത്ത ഭവനരഹിതർക്കും കേന്ദ്ര ഭവനപദ്ധതിയിലേക്ക് അപേക്ഷ നൽകാൻ അവസരം. കേന്ദ്രസർക്കാർ അവതരിപ്പിച്ച ആവാസ് പ്ലസ് 2024 മൊബൈൽ ആപ്പ് ഉപയോഗിച്ചാണ് പിഎംഎവൈ (ഗ്രാമീൺ) ഭവന പദ്ധതിലേക്ക് അംഗമാകാനാവുക. ഇതാദ്യമായാണ് പൊതുജനങ്ങൾക്ക് സ്വമേധയാ വിവരങ്ങൾ നൽകി യോഗ്യത തെളിയിക്കാൻ അവസരം നൽകുന്നത്. നിലവിൽ വിഇഒമാർ വഴിയുള്ള സർവേയാണ് സംസ്ഥാനത്ത് നടക്കുന്നത്.
2029 മാർച്ചോടെ രാജ്യത്ത് 4.95 കോടി വീടുകൾ നിർമിച്ചു നൽകാനാണ് കേന്ദ്ര ഗ്രാമവികസനമന്ത്രാലയം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി 2024-25 വർഷം രാജ്യത്ത് രണ്ടുകോടി വീടുകൾക്ക് അനുമതി നൽകിയിരുന്നു. ഇതിനാൽ പുതിയ ഭവനരഹിതരെക്കൂടി ഉൾപ്പെടുത്തി നിലവിലെ പിഎംഎവൈ ഗുണഭോക്തൃപട്ടിക പുതുക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതിലേക്കാണ് സെൽഫ് സർവേ, അസിസ്റ്റന്റ് സർവേ എന്നിങ്ങനെ രണ്ട് സംവിധാനങ്ങളിലൂടെ അപേക്ഷ നൽകാൻ സൗകര്യമൊരുക്കിയത്.
സെൽഫ് സർവേ നടത്താൻ ഗുണഭോക്താക്കൾ അവരുടെ ആൻഡ്രോയ്ഡ് മൊബൈൽ ഫോണുകളിൽ പ്ലേസ്റ്റോറിൽ നിന്ന് ആവാസ് പ്ലസ് 2024 ആപ്പ് ഡൗൺലോഡ് ചെയ് ണം. ആപ്പ് പ്രവർത്തിപ്പിക്കുന്നതിന് 'ആധാർ ഫേസ് ആർടി' എന്ന മറ്റൊരു ആപ്പും ഡൗൺഡ് ചെയ്യണം. പുതിയ വേർഷനുകളുള്ള സ്മാർട്ട് ഫോണിലാണ് ആപ്പ് തടസ്സമില്ലാതെ പ്രവർത്തിക്കുക.
തുടർന്ന്, ആവാസ് പ്ലസ് ആപ്പിലെ 'സെൽഫ് സർവേ' തിരഞ്ഞെടുപ്പ്, കെവൈസി, ബാങ്ക് വിവരങ്ങൾ, കുടുംബ വിവരങ്ങൾ, തൊഴിൽ കാർഡ്, വീടിൻ്റെ നിലവിലെ സ്ഥിതി തുടങ്ങി സർവേയിൽ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകണം. എല്ലാ നടപടിയും പൂർത്തി യാക്കിയാൽ കൺഫർമേഷൻ ലഭിക്കും. ഒരു ഫോണിൽ ഒരു സെൽഫ് സർവേ മാത്രമാണ് നടത്താനാവുക. ഇങ്ങനെ നൽകുന്ന വിവരങ്ങൾ കേന്ദ്ര ഗ്രാമവികസനവകുപ്പ് ജില്ലകൾക്കും തദ്ദേശസ്ഥാപനങ്ങൾക്കും കൈമാറും.