ഭീകരാക്രമണം നടന്ന് 5 ദിവസങ്ങൾക്ക് ശേഷം പഹൽഗാമിൽ വീണ്ടും വിനോദസഞ്ചാരികൾ എത്തിത്തുടങ്ങി


ദില്ലി :- ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് അഞ്ച് ദിവസത്തിന് ശേഷം, വിനോദസഞ്ചാരികൾ വീണ്ടും എത്തിത്തുടങ്ങി. ഏപ്രിൽ 22 ലെ ആക്രമണത്തിനു ശേഷമുള്ള ആദ്യത്തെ അവധിക്കാല ദിനമായ ഞായറാഴ്ച, നൂറുകണക്കിന് വിദേശ, ആഭ്യന്തര വിനോദസഞ്ചാരികളാണ് പഹൽ​ഗാം പട്ടണം സന്ദർശിച്ചതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. സാധാരണ ദിവസങ്ങളിൽ 5,000 മുതൽ 7,000 വരെ വിനോദസഞ്ചാരികൾ എത്തിയിരുന്നു. എന്നാൽ ആക്രമണത്തിന് ശേഷം സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി.

''ഞങ്ങൾക്ക് വളരെ സുരക്ഷിതത്വം തോന്നുന്നു, നിങ്ങളുടെ രാജ്യം വളരെ മനോഹരമാണ്. ഇവിടെ താമസിക്കുന്നതിൽ ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല. കശ്മീർ മനോഹരമാണ്'' -ക്രൊയേഷ്യയിൽ നിന്നുള്ള വിനോദസഞ്ചാരിയായ ലിജിൽജന എഎൻഐയോട് പറഞ്ഞു. 12 അംഗ സംഘത്തോടൊപ്പമാണ് അവർ എത്തിയത്. ക്രൊയേഷ്യയിൽ നിന്നുള്ള വിനോദസഞ്ചാരിയായ വ്ലാറ്റ്കോയും സംഘവും സംതൃപ്തി രേഖപ്പെടുത്തി.

ഭീകരാക്രമണത്തിന് ശേഷം കശ്മീരിലേക്കുള്ള ടൂറിസ്റ്റ് ബുക്കിംഗുകളിൽ 80 ശതമാനവും റദ്ദാക്കിയതായി ശനിയാഴ്ച കശ്മീർ ഹോട്ടൽ അസോസിയേഷൻ (കെഎച്ച്എ) അറിയിച്ചു. എങ്കിലും ഞായറാഴ്ചയോടെ ആളുകൾ വന്നുതുടങ്ങി. 2022-ൽ 26 ലക്ഷമായിരുന്നു കശ്മീരിലെ ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണമെങ്കിൽ കഴിഞ്ഞ വർഷം ഏകദേശം 30 ലക്ഷമായി വർധിച്ചു. വിദേശ വിനോദസഞ്ചാരികളുടെ എണ്ണം 66,000 ആയി.

Previous Post Next Post