ന്യൂയോർക്കിൽ 72 മണിക്കൂറിനിടെ നടന്നത് 3 വിമാന അപകടങ്ങൾ

 


ന്യൂയോർക്ക്: 72 മണിക്കൂറിനുള്ളിൽ യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഉണ്ടായത് 3 വ്യത്യസ്ത വിമാനാപകടങ്ങൾ. രണ്ട് അപകടങ്ങൾ ന്യൂയോ‍‌ർക്കിലും ഒരു അപകടം ഫ്ലോറിഡയിലുമാണ് ഉണ്ടായത്. അപകടങ്ങളിൽ ഒരുപാട് പേരുടെ മരണങ്ങളും റിപ്പോ‌ർട്ട് ചെയ്തിട്ടുണ്ട്. ഇതിന് ശേഷം രാജ്യത്തുടനീളം വ്യോമയാന സുരക്ഷയുടെ ഭാ​ഗമായി പുതിയ പരിശോധനകളും നടത്തി. 

ശനിയാഴ്ച രണ്ട് ആളുകളുമായി യാത്ര ചെയ്ത ഡബിൾ എഞ്ചിൻ മിത്സുബിഷി MU-2B ചെളി നിറഞ്ഞ ഒരു വയലിലേക്ക് ഇടിച്ചിറങ്ങിയതാണ് ആദ്യ സംഭവമായി റിപ്പോ‌ർട്ട് ചെയ്തത്. ന്യൂയോർക്കിലെ ഹഡ്‌സണിനടുത്തുള്ള കൊളംബിയ കൗണ്ടി വിമാനത്താവളത്തിലായിരുന്നു വിമാനം ഇറങ്ങേണ്ടിയിരുന്നത്. എന്നാൽ ഇതിന്റെ 30 മൈൽ അകലെ വച്ച് വിമാനം നിലം പൊത്തുകയായിരുന്നു. സംഭവത്തിൽ ഒരാൾ മരിച്ചതായാണ് റിപ്പോ‌ർട്ട്. 

ഇതേ ദിവസം സൗത്ത് ഫ്ലോറിഡയിലും വിമാന അപകടം ഉണ്ടായി. ബോക്ക റാറ്റണിന് സമീപം സെസ്‌ന 310 വിമാനം തകർന്ന് മൂന്ന് പേരാണ് മരിച്ചത്. ബൊക്ക റാറ്റൺ വിമാനത്താവളത്തിൽ നിന്ന് ടാലഹാസിയിലേക്കുള്ള യാത്രാമധ്യേ വിമാനം പറന്നുയ‌ർന്ന് അൽപ്പസമയത്തിന് ശേഷം രാവിലെ 10:20 ഓടെയാണ് അപകടം നടന്നത്. സംഭവ സമയത്ത് താഴെ നിന്നിരുന്ന ഒരാൾക്കുൾപ്പെടെ പരിക്കേറ്റിരുന്നു. 

ന്യൂയോ‍ർക്കിലെ ഹ‍ഡ്സൺ നദിയിൽ ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങൾ ഉൾപ്പെടെ ആറ് പേർ സഞ്ചരിച്ച ഒരു ടൂറിസ്റ്റ് ഹെലികോപ്റ്റർ തക‌ർന്നു വീണു. ഉച്ചകഴിഞ്ഞ് 3 മണിയോടെ പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ തകർന്നു വീഴുകയായിരുന്നു വിമാനം. ഏകദേശം 3:15 ന് ലോവർ മാൻഹട്ടന് സമീപം തലകീഴായി മറിഞ്ഞ് വെള്ളത്തിലേക്ക് പതിച്ചു. ഇതിന്റെ ദൃശ്യങ്ങളുൾപ്പെടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 


3 ദിവസത്തിനിടെ, തുടർച്ചയായ വിമാന അപകടങ്ങൾ നടന്നതിനെത്തുട‌‌ർന്ന് വ്യോമയാന വൃത്തങ്ങളിലും പൊതുജനങ്ങൾക്കിടയിലും ആശങ്ക പടർന്നിരിക്കുകയാണ്. മെക്കാനിക്കൽ തകരാർ, കാലാവസ്ഥ, പൈലറ്റിന്റെ ഭാഗത്തു നിന്നുള്ള പിഴവ് അല്ലെങ്കിൽ മറ്റേതെങ്കിലും കാരണങ്ങളാണോ ഈ തുടർച്ചയായ അപകടങ്ങൾക്കു കാരണമെന്ന് അന്വേഷണം നടന്നു വരികയാണ്.

Previous Post Next Post