കണ്ണൂർ :- കേരള തീരത്ത് മത്തി കിട്ടാനില്ല. മത്തി കിട്ടിയിട്ട് രണ്ടാഴ്ചയായി. കേരളതീരത്ത് എവിടെയും മത്തി കാണാനേയില്ല. ഇതോടെ കടപ്പുറത്തെ തോണിക്കാരായ മീൻപിടുത്തക്കാർക്കു ജോലിയില്ലാതായി. കടലിൽപ്പോയി വെറുംകയ്യോടെ തിരിച്ചുവരികയാണു ഭൂരിഭാഗം തോണിക്കാരും. ഇങ്ങനെയൊരു മത്തിയില്ലാകാലം ഉണ്ടായിട്ടില്ലെന്നാണ് കടപ്പുറത്തുള്ളവർ പറയുന്നത്.
കേരള തീരത്തെ കടലിൽ നിന്നു പിടിക്കുന്ന മത്തി വലുതാകുന്നില്ലെന്നായിരുന്നു ഒരു മാസം മുൻപു വരെ മീൻപിടിത്തക്കാർ പറഞ്ഞിരുന്നത്. സാധാരണ മത്തിക്ക് 20 സെന്റീമീറ്റർ വരെ വലുപ്പമുണ്ടാകുമായിരുന്നെങ്കിൽ 12 സെന്റീമീറ്ററിൽ താഴെ വലുപ്പമുള്ള മത്തിയായിരുന്നു വലയിൽ കുടുങ്ങാറുള്ളത്. ഇതേക്കുറിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്‌ഥാപനം (സിഎം എഫ്ആർഐ) പഠനം നടത്തിക്കൊണ്ടിരിക്കെയാണ് ഉള്ള മത്തിയെയും കാണാതായത്. ഇപ്പോൾ മാർക്കറ്റിൽ ലഭിക്കുന്നത് ഇതര സംസ്ഥാനങ്ങളിൽ നിന്ന് ബോട്ടുകാർ പിടിക്കുന്ന മത്തിയാണ്.
മത്തിയല്ലെങ്കിൽ അയലയെങ്കിലും കിട്ടുമായിരുന്നു മീൻപിടിത്തക്കാർക്ക്. ഇപ്പോൾ അയലയും കുറഞ്ഞു. ഇന്നലെ കിലോഗ്രാമിന് 250 രൂപ തോതിലാണ് ആയിക്കരയിൽ അയല വിറ്റത്. അത് ഉൾപ്രദേശങ്ങളിലെത്തുമ്പോൾ 300 രൂപയിൽ കൂടുതലാകും. ഫലത്തിൽ നല്ല മീൻകൂട്ടി ഉണ്ണാമെന്നു വിചാരിച്ചാൽ അതു നടക്കില്ലെന്നർഥം. മീനുകളുടെ വളർച്ച കുറയാൻ കാരണം കടലിൽ ചൂടു കൂടുന്നതാണെന്നാണ് വിദഗ്‌ധർ പറയുന്നത്. മത്തി, ചെമ്മീൻ, ഞണ്ട്, അയല എന്നിവയെല്ലാം വലുപ്പം കുറയുന്നതായി കടലിൽ പോകുന്നവർ പറയുന്നു. കാലാവസ്ഥാ വ്യതിയാനം മീനുകളുടെ വളർച്ച കുറയ്ക്കുന്നുവെന്നു മാത്രമല്ല, പ്രജനനത്തെയും ബാധിക്കുന്നുണ്ട്.