കണ്ണൂർ :- ട്രെയിനിലെത്തി ഇ-സ്കൂട്ടർ വാടകയെടുത്ത് കറങ്ങാൻ റെയിൽവേ സ്റ്റേഷനുകളിൽ സൗകര്യമൊരുങ്ങുന്നു. കാസർഗോഡ് മുതൽ പൊള്ളാച്ചിവരെ 15 സ്റ്റേഷനുകളിൽ റെയിൽവേ ഇലക്ട്രിക് ഇരുചക്രവാഹനം വാടകയ്ക്ക് നൽകും. മംഗളൂരുവിൽ കരാർ നൽകി. മണിക്കൂർ-ദിവസവാടകയ്ക്കാണ് വാഹനം നൽകുക. അവസൂക്ഷിക്കാനുള്ള സ്ഥലം റെയിൽവേ നൽകും. കരാറുകാരാണ് സംരംഭം ഒരുക്കേണ്ടത്. വാഹനം എടുക്കാനെത്തുന്നവരുടെ ആധാർകാർഡ്, ലൈസൻസുൾപ്പടെയുള്ള രേഖകളുടെ പരിശോധനയുണ്ടാകും.
തീവണ്ടി നിൽക്കുന്ന ഒരിടം മാത്രമല്ല ഇപ്പോൾ പ്ലാറ്റ്ഫോം. എടിഎമ്മും ഡിജിറ്റൽ ലോക്കറും മസാജ് ചെയറും സ്റ്റേഷനുകളിൽ വന്ന മാറ്റങ്ങളാണ്. പ്ലാറ്റ്ഫോമുകളിൽ ആദ്യമായി എടിഎം മെഷീൻ ഉടൻ സജ്ജമാകും. മംഗളൂരു സെൻട്രൽ മുതൽ പൊള്ളാച്ചിവരെയുള്ള 20 സ്റ്റേഷനുകളിൽ ടെൻഡർ വിളിച്ചു. മസാജ് ചെയ്യാൻ ആഗ്രഹമുള്ളവർക്കായി കോഴിക്കോട്, മംഗളൂരു സെൻട്രൽ സ്റ്റേഷനുകളിൽ മസാജ് ചെയർ പ്രവർത്തിച്ചുതുടങ്ങി. ഫറോക്ക്, ഒറ്റപ്പാലം, വടകര, പാലക്കാട്, പൊള്ളാച്ചി എന്നിവിടങ്ങളിലും മസാജ് ചെയർ വരും. ഗെയിമിങ് സോണുകളും ലഗേജുകൾ സൂ ക്ഷിക്കാൻ പ്ലാറ്റ്ഫോമുകളിൽ ഡിജിറ്റൽ ലോക്കറും ഉണ്ടാകും.