കണ്ണൂർ :- അവധിദിവസങ്ങളിൽ നാട്ടിലേക്കുള്ള തീവണ്ടിയാത്ര വളരെ പരിതാപകരമാണ്. കോച്ചുകളിൽ കുത്തിനിറച്ച് ബാഗുകളും നൂറുകണക്കിന് യാത്രക്കാരും. ബാഗും ലഗേജുമായി വിദ്യാർഥികൾ ഇടിച്ചുകയറിയതോടെ കോച്ചിനുള്ളിൽ ശ്വാസംകിട്ടാത്ത അവസ്ഥയായിരുന്നു. വെള്ളിയാഴ്ച കോളേജ് അട ക്കുന്ന ദിവസമായിരുന്നു. ഈ യാത്രയിൽ ഒരു പകൽവണ്ടി പോലും ഡിവിഷൻ അധികൃതർക്ക് ഒരുക്കാനായില്ല. സ്പെഷ്യൽ വണ്ടി ഒന്നുപോലും ഓടിക്കാതെ ഉത്തര മലബാറിനെ അവഗണിച്ചപ്പോൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ കഷ്ടത്തിലായി.
വാതിലിനരികെയും ശൗചാലയത്തിനരികെയും നിന്നുള്ള യാത്ര മുഴുവൻ വണ്ടികളിലും ഉണ്ടായിരുന്നു. കണ്ണൂർ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നൂറുകണക്കിന് യാത്രക്കാരാണ് കാത്തുനിന്നത്. കോച്ചിലേക്ക് പ്രവേശിക്കാനാകാതെ പ്രായമായവർ അടക്കം പുറത്തായി. തിരുവനന്തപുരം എക്സ്‌പ്രസ്, മാവേലി, മലബാർ എക്സ്പ്രസുകളിൽ മംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള വിദ്യാർഥികളെക്കൊണ്ട് നിറഞ്ഞിരുന്നു. ഓൺലൈനിൽ എടുത്ത ടിക്കറ്റ് ഉറപ്പാകാതെ റദ്ദാക്കപ്പെട്ടവരും അവസാനനിമിഷം കോച്ചിൽ കയറി. റിസർവേഷൻ വൈകീട്ടുള്ള പരശുറാമിലും നേത്രാവതിയിലും തിരക്കായിരുന്നു. പ്ലാറ്റ്ഫോം നിറഞ്ഞുകവിഞ്ഞപ്പോൾ പലരും താഴെ ട്രാക്കിലിറങ്ങിനിന്ന് കയറി. പുറത്ത് പോലീസിനും കോച്ചുകളിൽ ടിക്കറ്റ് പരിശോധകർക്കും നിയന്ത്രിക്കാനായില്ല.