തീവണ്ടികളുടെ വേഗം കൂട്ടാൻ ധർമ്മടത്ത് പുതിയ റെയിൽപ്പാലം ഒരുങ്ങി


കണ്ണൂർ :- തീവണ്ടി വേഗത്തിന് 'വേഗപൂട്ടിടുന്ന' ധർമടത്തെ പഴയ പാലത്തിന് പകരം പുതിയ റെയിൽപ്പാലം ഒരുങ്ങി. കണ്ണൂർ ഭാഗത്തേക്കുള്ള (ഡൗൺ ലൈൻ) റൂട്ടിലാണ് പുതിയപാലം. അനുബന്ധ പാളം കൂടി സജ്ജമായാൽ പാലം കമ്മിഷൻ ചെയ്യും. പുതിയ റെയിൽപ്പാലം പാളത്തോട് യോജിപ്പിക്കാൻ ഇരുഭാഗത്തും സ്ഥലം ഒരുക്കിക്കഴിഞ്ഞു. പാളം ഘടിപ്പിക്കൽ, ലൈൻ കട്ട് ചെയ്ത് പാലത്തിനോട് ചേർക്കൽ, വൈദ്യുതീകരണം എന്നിവ നടക്കാനുണ്ട്. പാളം ഇടുന്നതടക്കമുള്ള പ്രവൃത്തി നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു.

പാലം പണി പൂർത്തിയായിട്ടും പാളം ഘടിപ്പിക്കാനുള്ള അനുബന്ധ സ്ഥലം കിട്ടാതെ റെയിൽവേ വർഷങ്ങളോളം കാത്തിരുന്നു. ഭൂരിഭാഗവും സ്വകാര്യ ഭൂമിയായിരുന്നു. 2015-ൽ തുടങ്ങിയ സ്ഥലം ഏറ്റെടുപ്പ് ഒടുവിൽ റവന്യൂ വകുപ്പ് പൂർത്തീകരിച്ച് റെയിൽവേക്ക് കൈമാറി. ഷൊർണ്ണൂരിൽ നിന്ന് മംഗളൂരു ഭാഗത്തേക്കുള്ള ലൈനിലാണ് പഴയ പാലങ്ങൾ കൂടുതൽ. പഴയ പാലങ്ങളിലൂടെ ലോക്കോ പൈലറ്റുമാർ വേഗം നിയന്ത്രിച്ചാണ് വണ്ടി ഓടിക്കുന്നത്.

ധർമടം കൂടക്കടവ് പുതിയ പാലമാണ് അവസാനമായി തുറന്നുകൊടുത്തത്. ഷൊർണൂർ ഭാഗത്തേക്കുള്ള (അപ്പ് ലൈൻ) റൂട്ടിലാണ് ഈ പാലം. തലശ്ശേരി കൊടുവള്ളി പാലം, വടകര മൂരാട് പാലം അടക്കം ഇനി മാറ്റാനുണ്ട്. റെയിൽവേ ബ്രിഡ്ജസ് ആൻഡ് റോഡ്സ് വിഭാഗത്തിനാണ് മേൽനോട്ടം.

തീവണ്ടിയുടെ വേഗം 130 കിമീ ആയി വർധിപ്പിക്കുന്നതിനായി അരിക് വീതികൂട്ടൽ തുടങ്ങി. വളവുകൾ നിവർ ത്തുമ്പോൾ അധികം സ്ഥലം വേണം. അതിനുവേണ്ടിയാണ് നിവർത്തുന്ന വളവിലെ പാളത്തിനരികെ സ്ഥലം വീതികൂട്ടി മണ്ണിട്ടുയർത്തുന്നത്. രണ്ട് ലൈനിലും (അപ്പ് ആൻഡ് ഡൗൺ) സെസ്സിന്റെ വീതി കൂട്ടും. റെയിൽപാളത്തിന്റെ ജില്ലി കഴിഞ്ഞുള്ള ഭാഗമാണ് സെസ്സ്. പല സ്ഥലങ്ങളിലും മണ്ണിട്ട് ഉയർത്തി ജില്ലി നിറച്ചാണ് പാളം പോകുന്നത്. ഈ സ്ഥലങ്ങളിൽ ചിലയിടത്ത് മണ്ണ് പോയിട്ടുണ്ട്. അവിടെയും മണ്ണിട്ട് ഉയർത്തും.

Previous Post Next Post