ഊട്ടി :- മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവുപ്രകാരം നീലഗിരി ജില്ലയിലും കൊടൈക്കനാലിലും വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ചൊവ്വാഴ്ച പ്രാബല്യത്തിൽ വരും. നീലഗിരിയിൽ ശനി, ഞായർ ദിവസങ്ങളിൽ 8,000 വാഹനങ്ങൾക്കും മറ്റു ദിവസങ്ങളിൽ 6,000 വാഹനങ്ങൾക്കും മാത്രമേ ഇ-പാസ് നൽകുകയുള്ളൂ. കൊടൈക്കനാലിൽ ശനി, ഞായർ ദിവസങ്ങളിലും അവധിദിവസങ്ങളിലും 6000 വണ്ടികൾക്കും മറ്റു ദിവസങ്ങളിൽ 4000 വണ്ടികൾക്കും ഇ-പാസ് നൽകും.
എല്ലാതരം വാഹനങ്ങൾക്കും പാസ് എടുക്കണം. മെഡിക്കൽ/എമർജൻസി വാഹനങ്ങൾ, ചരക്കു വാഹനങ്ങൾ, ജില്ലയ്ക്കുള്ളിലെ വാഹനങ്ങൾ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. വേനലവധിക്കാലത്ത് സഞ്ചാരികൾ കൂടുതലായി എത്തുന്നത് നിയന്ത്രിക്കാനാണ് പുതിയ സംവിധാനം ഒരുക്കിയിട്ടുള്ളത്. തമിഴ്‌നാട് സർക്കാർ ഇതിനുവേണ്ടി പ്രത്യേക വെബ്സൈറ്റ് ഒരുക്കിയിട്ടുണ്ട്. https://epass.tnega.org മുഖേന യോ ക്യു ആർ കോഡ് സ്‌കാൻ ചെയ്തോ ഇ-പാസെടുക്കാം.