സംസ്ഥാനത്ത് കണ്ണൂർ ഉൾപ്പടെ 8 ജില്ലകളിൽ ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്


തിരുവനന്തപുരം :- സംസ്ഥാനത്ത എട്ട് ജില്ലകളിൽ വെള്ളിയാഴ്ച ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഈ ജില്ലകളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കോഴിക്കോട്, കൊല്ലം, എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഉയർന്ന താപനിലയ്ക്ക് സാധ്യത.

പാലക്കാട്, കോഴിക്കോട് ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉച്ചയ്ക്ക് ഒരു മണിക്ക് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നത്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ഇന്ന് ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിലുണ്ട്. 

അതേസമയം ഉച്ചയ്ക്ക് ഒരു മണിയ്ക്കുള്ള അറിയിപ്പ് പ്രകാരം അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കോ അല്ലെങ്കിൽ ഇടത്തരം മഴയ്ക്കോ സാധ്യതയുണ്ട്. ഇതിന് പുറമെ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

Previous Post Next Post