ദില്ലി :- പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാൻ നാളെ കേന്ദ്രസർക്കാർ സർവകക്ഷി യോഗം വിളിച്ചു. പാർലമെൻ്റിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം നടക്കുമെന്നാണ് കരുതുന്നത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ പ്രതിരോധ സേനകളെ അഭിനന്ദിച്ച പ്രധാനമന്ത്രി ഇത് അഭിമാന നിമിഷമെന്ന് പ്രസ്താവിച്ചു. പ്രധാനമന്ത്രിയുടെ നേതൃത്വത്തെ യോഗത്തിൽ മന്ത്രിമാർ അഭിനന്ദിച്ചു.
അതിനിടെ കശ്മീർ അതിർത്തിയിൽ ഇന്ത്യാ-പാക് സേനകൾ തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലുണ്ടായി. ഒരു സ്ത്രീയും കുട്ടിയുമടക്കം പൂഞ്ചിൽ 10 പേർ കൊല്ലപ്പെട്ടു. ഉറിയിൽ രണ്ട് വീടുകൾക്ക് തീപിടിച്ചു. പാകിസ്ഥാൻ്റെ ഷെല്ലാക്രമണത്തിൽ 44 പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ മൂന്ന് പാകിസ്ഥാൻ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്.
അതിനിടെ പാക്കിസ്ഥാനും നേപ്പാളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ യോഗം ചേരും. മുഖ്യമന്ത്രിമാരുമായി ഓൺലൈനിൽ സംസാരിക്കും. ചീഫ് സെക്രട്ടറിമാർക്കും ഡിജിപിമാർക്കും യോഗത്തിൽ പങ്കെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.