തൃശൂര്‍ :- തൃശൂർ പൂരത്തിന്റെ തുടക്കം കുറിച്ച് പൂര വിളംബരമായി. ഉച്ചയ്ക്ക് 12.15 ഓടെ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാർ തെക്കേ ഗോപുര നട തുറന്നതോടെ 36 മണിക്കൂര്‍ നീണ്ടു നിൽക്കുന്ന തൃശൂര്‍ പൂരത്തിന് തുടക്കമായി. ഘടകപൂരങ്ങള്‍ക്ക് വടക്കുന്നാഥക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള അനുവാദം വാങ്ങാനാണ് നെയ്തലക്കാവിലമ്മ എഴുന്നള്ളുന്നതെന്നാണ് സങ്കല്പം.
ഇതു ആറാം തവണയാണ് എറണാകുളം ശിവകുമാർ പൂര വിളംബരം ചെയ്യുന്നത്. ആയിരങ്ങളെ സാക്ഷിയാക്കിയാണ് തെക്കേ ഗോപുര വാതിൽ തുറന്ന് നെയ്തലകാവിലമ്മ പൂരം വിളംബരം ചെയ്തത്. നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാര്‍ തെക്കോ ഗോപുര നട തുറന്നപ്പോള്‍ ആവേശം വാനോളമായി. നിരവധി പേരാണ് തെക്കേ ഗോപുര നട തുറക്കുന്നതിന് സാക്ഷ്യം വഹിക്കുന്നതിനായി എത്തിയത്. തുടര്‍ന്ന് മേളം അരങ്ങേറി.
ഇന്നലെ രാവിലെ ആരംഭിച്ച തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും ചമയ പ്രദർശനം ഇന്ന് അവസാനിക്കും. ഇന്നലെ വൈകിട്ട് സ്വരാജ് റൗണ്ടിലെ പന്തലിൽ ലൈറ്റ് തെളിയിച്ചു. ഏഴുമണിയോടെ ആദ്യം തിരുവമ്പാടിയും പിന്നാലെ പാറമേക്കാവും സാമ്പിള്‍ വെടിക്കെട്ടിന് തിരികൊളുത്തി. ആഘോഷത്തിന് തടസ്സമാകുന്ന ഒരു നിയന്ത്രണവും ഇക്കുറി ഉണ്ടാകില്ലെന്ന് തൃശൂർ കളക്ടർ അര്ജുൻ പാണ്ഡ്യൻ പറഞ്ഞു.