ദില്ലി :- വിനോദ സഞ്ചാരികൾക്ക് നേരെ ആക്രമണമുണ്ടായ പഹൽഗാമില്‍ എൻഐഎ മേധാവി സദാനന്ദ് വസന്ത് ദത്തേ സന്ദർശിച്ചു. ഞായറാഴ്ചയാണ് എൻഐഎ സംഘം കേസ് ഏറ്റെടുത്തത്. ആക്രമണത്തിന്റെ വിശദമായ വിവരങ്ങൾ സംഘം ശേഖരിച്ചുവരികയാണ്. തെക്കൻ കശ്മീരിൽ ഇപ്പോഴും തീവ്രവാദികൾ സാന്നിദ്ധ്യമുണ്ടെന്ന് എൻഐഎ വൃത്തങ്ങൾ സൂചിപ്പിച്ചു.
കൂടുതൽ തീവ്രവാദികൾ ഒളിച്ചിരിക്കാനുള്ള സാധ്യതയുടെ അടിസ്ഥാനത്തിൽ പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. അനന്തനാഗ് മേഖലയിൽ തിരച്ചിൽ തുടരാനാണ് നിർദ്ദേശം. 72 മണിക്കൂർ കൂടി തെരച്ചിൽ നടത്താനാണ് സൈന്യത്തിനും ജമ്മു കാശ്മീർ പോലീസിനും നിർദ്ദേശം ലഭിച്ചത്. ഇവിടുത്തെ വന മേഖല കേന്ദ്രീകരിച്ചാണ് 30 മണിക്കൂറായി തിരച്ചിൽ നടത്തുന്നത്. ആക്രമണം നടത്തിയ ഭീകരർ ജമ്മുവിലേക്ക് പോകുന്നത് തടയാനാണ് ശ്രമം.