കൊച്ചി :- സംസ്ഥാനത്ത് വിവാഹസൽക്കാരങ്ങളിലും ഓഡിറ്റോറിയം, ഹോട്ടൽ, റസ്‌റ്റോറൻ്റ് എന്നിവിടങ്ങളിലെ പരിപാടികളിലും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഔദ്യോഗിക ചടങ്ങുകളിലും പ്ലാസ്‌റ്റിക് നിരോധിച്ച് ഹൈക്കോടതി ഉത്തരവ്. പ്ലാസ്റ്റിക് ഭക്ഷണപാത്രം, കപ്പ്, സ്ട്രോ, കത്തി, സ്‌പൂൺ, കവർ, ലാമിനേറ്റഡ് ബേക്കറി ബോക്‌സ് എന്നിവയുടെ ഉപയോഗവും വിൽപ്പനയും നിരോധിച്ചിട്ടുണ്ട്. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടുമുതൽ നിരോധനം പ്രാബല്യത്തിലാകും.
മലയോര ടൂറിസം മേഖലകളിൽ ഒറ്റത്തവണ പ്ലാസ്റ്റിക് പൂർണമായി നിരോധിച്ചു. പ്ലാസ്റ്റിക് കുപ്പിവെള്ളമുൾപ്പെടെ നിരോധിച്ചിട്ടുണ്ട്. അഞ്ചു ലിറ്ററിന്റെ കുപ്പിവെള്ളം, രണ്ടു ലിറ്ററിന്റെ ശീതളപാനീയക്കുപ്പി എന്നിവ മലയോരമേഖലയിൽ ഉപയോഗിക്കാമെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസും പി ഗോപിനാഥും അടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി മലയോര ടൂറിസം മേഖലകളിലെ പ്ലാസ്റ്റിക് മലിനീകരണം സംബന്ധിച്ച് സ്വമേധയാ എടുത്ത കേസ് പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.
പരിസ്ഥിതി സംരക്ഷിക്കുകയെന്നത് പൗരന്റെ അടിസ്ഥാന കടമയാണെന്നും പരിസ്ഥിതി ആഘാതം കണക്കിലെടുത്താണ് നിരോധനമെന്നും ഉത്തരവിൽ പറഞ്ഞു. പ്ലാസ്റ്റിക് നിരോധനം ഹോട്ടലുകളുടെ ലൈസൻസ് വ്യവസ്ഥകളുടെ ഭാഗമാക്കാനും നിർദേശമുണ്ട്. പ്ലാസ്റ്റിക് നിരോധനത്തിനും പ്ലാസ്റ്റിക് മാലിന്യ നിർമാർജനത്തിനും തദ്ദേശസ്ഥാപനങ്ങൾ, മലിനീകരണ നിയന്ത്രണബോർഡ്, പൊലീസ് എന്നിവയുമായി ചേർന്ന് സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിക്കണം. ഇതോടൊപ്പം ബദൽ മാർഗങ്ങളും ഒരുക്കണം. മലയോര വിനോദസഞ്ചാര മേഖലകളിൽ വാട്ടർ കിയോസ്‌കുകൾ സ്ഥാപിക്കണം.
ചില്ലുകുപ്പികൾ, വാട്ടർ കിയോസ്‌കുകൾ തുടങ്ങിയ മാർഗങ്ങൾ സ്വീകരിക്കാം. ജില്ലാ ഭരണകേന്ദ്രവും തദ്ദേശസ്ഥാപനങ്ങളും സൗകര്യം ഒരുക്കണം. പ്ലാസ്‌റ്റിക്കിതര വെള്ളക്കുപ്പി പ്രോത്സാഹിപ്പിക്കണം. നദികളിലും കനാലുകളിലും കായലിലും പ്ലാസ്റ്റിക് തള്ളുന്നത് തടയണം. പ്ലാസ്റ്റിക് ബോട്ടിൽ വീണ്ടെടുത്ത് സംസ്‌കരിക്കണം. പ്ലാസ്റ്റിക് മലിനീകരണത്തിൽ റെയിൽവേയെ ഹൈക്കോടതി വിമർശിച്ചു. വന്ദേഭാരത് ട്രെയിനിൽ വിൽക്കുന്ന കുടിവെള്ളക്കുപ്പികൾ തിരുവനന്തപുരത്ത് കൂട്ടമായി ഉപേക്ഷിച്ചെന്നും ഇത് കായലിലേക്കാണ് എത്തിയതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.