ദില്ലി :- ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിൽ കഴിഞ്ഞ ദിവസം മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. 10 മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞ് മാത്രമാണ് അവശേഷിച്ചത്. പർവാര പഞ്ചായത്തിലെ തൽവാര ഗ്രാമത്തിലാണ് സംഭവം. 10 മാസം പ്രായമുള്ള നീതിക ദേവിയാണ് അപകടത്തെ അതിജീവിച്ചത്. ജൂൺ 30 അർധ രാത്രി മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ കനത്ത മഴയിൽ വെള്ളം വീട്ടിലേക്ക് കയറാൻ തുടങ്ങിയപ്പോൾ, അച്ഛൻ രമേശ് കുമാർ (31) വെള്ളത്തിന്റെ ഒഴുക്ക് വഴിതിരിച്ചുവിടാൻ പുറത്തേക്കിറങ്ങി.
രമേശ് മടങ്ങി വരാതിരുന്നതോടെ അമ്മ രാധാ ദേവി (24), മുത്തശ്ശി പൂർണു ദേവി (59) യും പുറത്തേക്കിറങ്ങി. എന്നാൽ ആർത്തലച്ചെത്തിയ വെള്ളം മൂവരുടെയും കൊണ്ടുപോയി. ഈ സമയം വീട്ടിൽ കുഞ്ഞ് മാത്രമാണുണ്ടായിരുന്നത്. അയൽക്കാരാണ് വീട്ടിൽ നിന്ന് കുഞ്ഞിനെ കണ്ടെത്തിയത്. അവൾ കരയുകയായിരുന്നു. അമ്മയെയും അച്ഛനെയും മുത്തശ്ശിയെയും കാണാനില്ലായിരുന്നു. പ്രേം സിംഗ് എന്നയാളാണ് കുഞ്ഞിനെ കൂട്ടിക്കൊണ്ടുപോയി രാവിലെ ഞങ്ങളെ അറിയിച്ചതെന്ന് രമേശ് കുമാറിന്റെ ബന്ധുവായ ബൽവന്ത് താക്കൂർ പറഞ്ഞു. 60 കാരനായ ബൽവന്ത്, മുൻ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂറിന്റെ പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസറായിരുന്നു.
നീതികയെപ്പോലെ, രമേശിനും ചെറുപ്പത്തിൽ തന്നെ അച്ഛനെ നഷ്ടപ്പെട്ടിരുന്നു. രമേശിന് ആറ് മാസം പ്രായമുള്ളപ്പോൾ അച്ഛൻ ഒരു അപകടത്തിൽ മരിച്ചുവെന്ന് ബൽവന്ത് പറഞ്ഞു. കുടുംബം പൂർണുവിന്റെ വരുമാനത്തെ ആശ്രയിച്ചായിരുന്നു മുന്നോട്ട് പോയിരുന്നത്. പൂർണു ദേവി സർക്കാർ സ്കൂളിലെ പ്യൂൺ ആയിരുന്നു. വിരമിക്കാൻ ഏഴ് മാസമേ ബാക്കിയുള്ളപ്പോഴാണ് അപകടം. രമേശ് കൃഷിക്കാരനായിരുന്നു. ഇപ്പോൾ നീതിക അമ്മായിക്കൊപ്പമാണ് താമസിക്കുന്നത്.