തിരുവനന്തപുരം :- സംസ്ഥാനത്ത് ആരോഗ്യ മേഖലക്ക് നിശ്ശബ്ദ ഭീഷണി ഉയർത്തി അർബുദ രോഗികളുടെ എണ്ണം കൂടുന്നു. അർബുദ പ്രതിരോധം ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പ് ആരംഭിച്ച ‘ആനന്ദം ആരോഗ്യം, അകറ്റാം അർബുദം’ കാമ്പയിന്‍റെ ഭാഗമായി അഞ്ച് മാസത്തോളം സർക്കാർ ആശുപത്രികളിൽ നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തൽ. അർബുദ ദിനമായ കഴിഞ്ഞ ഫെബ്രുവരി നാലിന് ആരംഭിച്ച കാമ്പയിന്‍റെ ഭാഗമായി ജൂലൈ പത്ത് വരെ നടത്തിയ പരിശോധനകളുടെ ഫലമാണ് പുറത്തുവന്നത്.
30 വയസ്സിന് മുകളിലുള്ള പരമാവധി ആളുകളെ പരിശോധനക്ക് വിധേയരാക്കുകയും രോഗത്തെക്കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കുകയുമാണ് കാമ്പയിന്‍റെ ലക്ഷ്യം. രോഗം നേരത്തേ കണ്ടെത്തി ചികിത്സ നൽകുന്നതിലൂടെ അർബുദം മൂലമുള്ള മരണനിരക്ക് കുറക്കാനാകുമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ കണക്കുകൂട്ടൽ. ആദ്യ ഒരുമാസം സ്ത്രീകളിൽ മാത്രമായിരുന്ന പരിശോധനയിൽ പിന്നീട് പുരുഷൻമാരെയും ഉൾപ്പെടുത്തി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജുകൾ വരെ 1532 ആരോഗ്യ കേന്ദ്രങ്ങളാണ് കാമ്പയിന്‍റെ ഭാഗമായത്. 16,70,895 പേരെ പരിശോധനക്ക് വിധേയരാക്കി. ഇവരിൽ 272 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ ലക്ഷണങ്ങൾ സംശയിക്കുന്ന 52,859 പേർക്ക് തുടർ പരിശോധന നിർദേശിച്ചു.
188 പേർക്ക് സ്തനാർബുദവും 58 പേർക്ക് ഗർഭാശയ അർബുദവും 26 പേർക്ക് വായിലെ അർബുദവുമാണ് സ്ഥിരീകരിച്ചത്. ഇവരെല്ലാവരും തങ്ങൾ അർബുദരോഗികളാണെന്ന് ആദ്യമായി തിരിച്ചറിയുകയായിരുന്നു. മലാശയ അർബുദത്തിന്‍റെ ലക്ഷണങ്ങൾ കണ്ടെത്തിയ 263 പേർക്കും തുടർ പരിശോധന നിർദേശിച്ചിട്ടുണ്ട്. സ്തനാർബുദ പരിശോധനക്ക് വിധേയരായ 13,94,627 പേരിൽ 24,992 പേർക്കാണ് തുടർ പരിശോധന. 28,757 പേർക്ക് ഗർഭാശയ അർബുദത്തിനും 34,33 പേർക്ക് വായിലെ അർബുദത്തിനും തുടർ പരിശോധന നടത്തും. അർബുദമാകാൻ സാധ്യതയുള്ള 168 കേസുകൾ അതിനിട നൽകാതെ യഥാസമയത്തെ ഇടപെടലിലൂടെ രക്ഷപ്പെടുത്താൻ കഴിഞ്ഞതായും ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നടത്തുന്ന പരിശോധനയിൽ രോഗ ലക്ഷണം സംശയിക്കുന്നവരെ താലൂക്ക്, ജില്ലാ ആശുപത്രികൾ, കാൻസർ സെന്‍ററുകൾ, മെഡിക്കൽ കോളജുകൾ എന്നിവിടങ്ങളിലേക്കാണ് റഫർ ചെയ്യുന്നത്. രോഗം സ്ഥിരീകരിച്ച ഓരോരുത്തരും കൃത്യമായ ചികിത്സ തേടുന്നു എന്ന് ഉറപ്പാക്കാനും ആരോഗ്യ വകുപ്പ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇവർക്ക് നേരത്തെ രോഗം കണ്ടെത്താൻ കഴിഞ്ഞതിനാൽ ചികിത്സിച്ച് ഭേദമാക്കാനാകും എന്നാണ് പ്രതീക്ഷ. അർബുദ രോഗ ബാധിതർ വർധിക്കാനുള്ള കാരണങ്ങളെക്കുറിച്ച് വിശദ പഠനം നടത്താനും വകുപ്പ് ആലോചിക്കുന്നു. കാമ്പയിൻ വരും മാസങ്ങളിലും തുടരും.