മലപ്പുറം :- മരത്തില്‍ കയറി തിരികെ ഇറങ്ങാന്‍ കഴിയാതെ കുടുങ്ങിയ 56 കാരനെ രക്ഷിച്ച് അഗ്നിരക്ഷാ സേന. കിഴിശേരി സ്വദേശി അഹമ്മദാണ് മരം മുറിക്കാനായി എഴുപത് അടിയോളം ഉയരത്തില്‍ കയറിയത്. തിരികെ ഇറങ്ങുന്നതിനിടെ ഷര്‍ട്ട് മരക്കൊമ്പില്‍ കൊളുത്തി മരത്തിനു മുകളില്‍ കുടുങ്ങിയതോടെ നാട്ടുകാര്‍ മഞ്ചേരി അഗ്നിരക്ഷാ സേനയെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ കെ കെ പ്രജിത്തും നാട്ടുകാരനായ മരംവെട്ട് തൊഴിലാളിയായ സുഭാഷും മരത്തില്‍ കയറി. തൂങ്ങിനിന്ന അഹമ്മദിനെ കയര്‍ ഉപയോഗിച്ച് മുകളില്‍ കെട്ടിവയ്ക്കുകയും റെസ്ക്യൂ നെറ്റില്‍ കയറ്റിയതിന് ശേഷം കയര്‍ അറുത്തുമാറ്റി മറ്റ് സേനാംഗങ്ങളുടെ സഹായത്തോടെ താഴെ ഇറക്കുകയുമായിരുന്നു.