ആലപ്പുഴ :- കേരള രാഷ്ട്രീയത്തിലെ അതുല്യനായ പോരാളി ജനമനസുകളിലെ പ്രിയ സഖാവ് വി.എസ്. അച്യുതാനന്ദന് വിട നൽകാൻ കേരളം ഒരുങ്ങുന്നു. തോരാമഴയിലും ഇടമുറിയാത്ത മുദ്രാവാക്യം വിളികളോടെയും കണ്ണീരോടെയും ആയിരങ്ങൾ തങ്ങളുടെ പ്രിയപ്പെട്ട നേതാവിന് അന്ത്യാഞ്ജലി അർപ്പിച്ചു. ആലപ്പുഴ ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലെ പൊതുദർശനത്തിന് ശേഷം റെഡ് വളണ്ടിയർമാർ അവസാനമായി വിഎസിന് അന്ത്യാഭിവാദ്യം നൽകി. കണ്ണേ കരളേ വിഎസ്സേ , ഇല്ലാ ഇല്ല മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ.. വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ പാർട്ടി പതാക പുതപ്പിച്ച വി എസിനെ വലിയ ചുടുകാട്ടിലേക്ക് എടുത്തു.
പുന്നപ്ര-വയലാർ രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന വിപ്ലവമണ്ണിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് വി.എസിന് ചിതയൊരുങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, എംഎ ബേബി, എംവി ഗോവിന്ദൻ അടക്കം നേതാക്കളും മറ്റ് മന്ത്രിമാരും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും അടക്കം വിഎസിന്റെ ഭൌതിക ശരീരവും വഹിച്ചുള്ള യാത്രയിൽ ഒപ്പമുണ്ട്.
പ്രിയ സഖാവ് വിഎസ് അച്യുതാനന്ദന് വീരോചിത യാത്രയയപ്പാണ് നാട് നൽകുന്നത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിക്ക് തലസ്ഥാനത്തു നിന്ന് ആരംഭിച്ച വിലാപയാത്ര 22 മണിക്കൂറുകൊണ്ടാണ് പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിൽ എത്തിച്ചേർന്നത്. വഴിനീളെ മഴയെ അവഗണിച്ച് ആയിരങ്ങൾ കാത്തു നിന്ന് വിഎസിന് അന്ത്യാഞ്ജലി അർപ്പിച്ചു.