തിരുവനന്തപുരം :- മണ്ണെണ്ണയുടെ വാർഷിക വിഹിതം പൂർണമായി ഉപയോഗിച്ചാൽമാത്രമേ തുടർന്നുള്ള വർഷങ്ങളിലും അത്രതന്നെ അളവ് അനുവദിക്കൂ എന്ന് ട്രോളിയം മന്ത്രാലയം. ഒരുവർഷത്തെ വിഹിതത്തിൽ ലാപ്സാകുന്ന അളവ് അടുത്തവർഷം വെട്ടിക്കുറയ്ക്കും. നീണ്ട ഇടവേളയ്ക്കുശേഷം 16 സംസ്ഥാനങ്ങൾക്ക് മണ്ണെണ്ണ വിഹിതം അനുവദിച്ചതിനു പിന്നാലെയാണ് പുതുക്കിയ മാർഗനിർദേശങ്ങൾ.
2025-26 മുതൽ 27-28 വരെയുള്ള മൂന്നുവർഷത്തേക്കാണ്, റേഷൻകടകൾ വഴിയുള്ള വിതരണത്തിനും മീൻപിടിത്തബോട്ടുകൾക്കും മണ്ണെണ്ണ അനുവദിച്ചത്. മൂന്നുമാസം വീതമുള്ള നാല് പാദങ്ങളിലായാണ് ഇത് നൽകുക. ഓരോ പാദത്തിലുമുള്ള വിഹിതം മുഴുവൻ അതത് സമയത്ത് എടുക്കണം. കേരളത്തിന് ഈവർഷം ഓരോ പാദത്തിലും 56.76 ലക്ഷം ലിറ്റർ മണ്ണെണ്ണയാണ് അനുവദിച്ചിട്ടുള്ളത്. ഏപ്രിൽ മുതൽ ജൂൺവരെയുള്ള പാദത്തിലെ അള വിൽ 15 ശതമാനമേ വിതരണം ചെയ്തുള്ളൂ. ബാക്കി നഷ്ടമായി. മന്ത്രി ജി.ആർ അനിൽ കേന്ദ്രവുമായി നടത്തിയ ചർച്ചയിൽ, ലാപ്സായ വിഹിതംകൂടി അനുവദിക്കാൻ തീരുമാനമായിരുന്നു.
രണ്ടാംപാദത്തിൽ 35 ശതമാനം വിതരണം പൂർത്തിയാക്കിയിട്ടുണ്ട്. വാതിൽപ്പടി വിതരണം ആവശ്യപ്പെട്ട് റേഷൻവ്യാപാരികൾ നിയമനടപടിയിലേക്ക് പോകുകയാണ്. രണ്ടാംപാദത്തിലും അളവ് പൂർണമായി എടുക്കാനായില്ലെങ്കിൽ, കേരളത്തിന്റെ വരുംവർഷത്തെ അളവ് കുറയും. കേന്ദ്രനയത്തിലുള്ള മറ്റിളവുകൾ സംസ്ഥാനങ്ങൾക്ക് ആശ്വാസമാണ്. അത്യാവശ്യ സന്ദർഭങ്ങളിൽ ഇതര ആവശ്യങ്ങൾക്കും മണ്ണെണ്ണ നൽകാം. പ്രകൃതിദുരന്തങ്ങളിലും മറ്റും ഇത് ഗുണകരമാണ്. ഇതിന്റെ വിതരണരീതിയും വിലയും സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം.