പയ്യന്നൂര്‍ :- രാമന്തളി പാലക്കോട് മത്സ്യബന്ധനത്തിനിടെ ശക്തമായ കാറ്റിൽ തോണി മറിഞ്ഞ് കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ വളപട്ടണത്ത് കടലിലാണ് കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ്പാലക്കോട് പുഴയിലുണ്ടായ അപകടത്തില്‍ കാണാതായ പയ്യന്നൂര്‍ പുഞ്ചക്കാട് സ്വദേശി നെടുവിളപടിഞ്ഞാറ്റതില്‍ അബ്രഹാമിന്റെ (49) മൃതദേഹം കണ്ടെത്തിയത്.
ഇന്നുരാവിലെ വളപട്ടണത്തു നിന്നു നാല് കിലോമീറ്ററോളം അകലെ ആഴക്കടലിൽ നോര്‍ത്ത് 54-ലാണ് മത്സ്യബന്ധനത്തിനായി പോയ തൊഴിലാളികള്‍ മൃതദേഹം കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് കോസ്റ്റല്‍ പോലീസ് മൃതദേഹം അഴീക്കല്‍ ഹാര്‍ബറിലെത്തിക്കുകയായിരുന്നു.
പരേതനായ വര്‍ഗീസിന്റേയും അല്‍ഫോണ്‍സയുടേയും മകനാണ് അബ്രഹാം. ഭാര്യ: ജാന്‍സി. മക്കള്‍: ആരോണ്‍ (പ്ലസ് വണ്‍ വിദ്യാര്‍ത്ഥി), അയോണ, അലീന (വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: ഫ്രാന്‍സിസ് (കാഞ്ഞങ്ങാട്), ഷാജി (ഇറ്റലി), ഷൈനി, സലിന്‍ (ഇറ്റലി).