സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷാ പരിശോധന നിർബന്ധമാക്കി കേന്ദ്രം


ന്യൂഡൽഹി :- സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷാ പരിശോധന നിർബന്ധമാക്കണമെന്നു കാട്ടി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും വിദ്യാഭ്യാസമന്ത്രാലയം കത്തയച്ചു. മഴ ശക്തമായതോടെ സ്കൂൾ കെട്ടിടങ്ങൾ തകർന്ന് അപകടമുണ്ടാവുന്നത് തുടരുന്ന സാഹചര്യത്തിലാണിത്. രാജസ്ഥാനിൽ സർക്കാർ സ്കൂൾ കെട്ടിടം തകർന്ന് ഏഴുകുട്ടികൾ മരിച്ചിരുന്നു.

വിദ്യാർഥികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ അടിയന്തര നടപടികൾ കൈക്കൊള്ളണം. സമഗ്രമായ സ്കൂൾ സുരക്ഷാ പ്രോട്ടക്കോൾ ഉടൻ നടപ്പാക്കണം. 2021-ലെ സ്കൂൾ സുരക്ഷാ മാർഗനിർദേശങ്ങളും 2016-ലെ ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശങ്ങളും കത്തിൽ പരാമർശിച്ചിട്ടുണ്ട്.

 പ്രധാന നിർദേശങ്ങൾ

സ്കൂളുകളിലെ അഗ്നിരക്ഷാസംവിധാനങ്ങൾ, എമർജൻസി എക്സിറ്റുകൾ, ഇലക്ട്രിക്കൽ വയറുകൾ എന്നിവയുടെ സമഗ്രപരിശോധന നടത്തണം.

അടിയന്തരഘട്ടങ്ങളിൽ പാലിക്കേണ്ട മുൻകരുതലിനെപ്പറ്റി അധ്യാപകർ, വിദ്യാർഥികൾ, ജീവനക്കാർ എന്നിവർക്ക് പരിശീലനം നൽകണം.

പ്രഥമശുശ്രൂഷയെക്കുറിച്ച് അറിവുണ്ടാകണം.

ദുരന്തനിവാരണ അതോറിറ്റി, അഗ്നിരക്ഷാ സേന, പോലീസ്, ആരോഗ്യവിഭാഗം എന്നിവർ തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പരിശീലന പരിപാടികളും മോക്ഡ്രില്ലുകളും നടത്തണം.

കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ കൗൺസലിങ് ഒരുക്കണം.

Previous Post Next Post